ദില്ലി:ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് എതിരായി ലൈംലിക ആരോപണ പരാതി അന്വേഷിക്കാനും ചീഫ് ജസ്റ്റിസിന് എതിരായി ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാനും  മുതിർന്ന ന്യായാധിപരെ ഉൾപ്പെടുത്തി രണ്ട് ആഭ്യന്തര സമിതികൾക്ക് രൂപം നൽകിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ യുവതി നൽകിയ പരാതിയെപ്പറ്റി അന്വേഷിക്കാൻ ജസ്റ്റിസുമാരായ എസ്ഐ ബോബ്ഡേ, എൻ വി രമണ, ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ സമിതിയെയാണ് നിയോഗിച്ചത്.

എന്നാൽ ജസ്റ്റിസ് എൻ വി രമണ സമിതിയിൽ തുടരുന്നത് തനിക്ക് നീതി കിട്ടാത്ത സാഹചര്യം ഉണ്ടാക്കും എന്നുകാട്ടി പരാതി നൽകിയ യുവതി ഈ സമിതിക്കുതന്നെ ഒരു കത്ത് നൽകി. ജസ്റ്റിസ് എൻ വി രമണ ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്താണെന്നും ചീഫ് ജസ്റ്റിസിന്‍റെ വസതിയിലെ സ്ഥിരം സന്ദർശകനാണ് എന്നുമായിരുന്നു ഇതിന് കാരണമായി യുവതി കത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെ ജസ്റ്റിസ് എൻ വി രമണ സമിതിയിൽ നിന്ന് സ്വയം പിന്മാറി. ജസ്റ്റിസ് എൻ വി രമണയ്ക്ക് പകരമായാണ് ജസ്റ്റിസ് ഇന്ദു മൽഹോത്രയെ സമിതിയിൽ ഉൾപ്പെടുത്തിയത്. എല്ലാ രേഖകളും തെളിവുകളുമായി ഈ സമിതിക്ക് മുമ്പാകെ നാളെ ഹാജരാകാൻ പരാതിക്കാരിയായ യുവതിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 

ചീഫ് ജസ്റ്റിസിന് എതിരായി ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തൽ റിട്ട. ജസ്റ്റിസ് എ കെ പട്‍നായികിന്‍റെ മേൽനോട്ടത്തിലുള്ള സമിതിയാകും അന്വേഷിക്കുക. അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും സിബിഐ, ഐബി, ദില്ലി പൊലീസ് എന്നീ അന്വേഷണ ഏജൻസികൾ നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തലിൽ ഉള്ള അന്വേഷണം യുവതിയുടെ പരാതിയിന്മേലുള്ള അന്വേഷണത്തെ ബാധിക്കില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.

അതേസമയം അന്വേഷണം പൂർത്തിയാകുംവരെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പദവിയിൽ നിന്ന് മാറിനിൽക്കണം എന്ന ആവശ്യവും ശക്തമാവുകയാണ്. അന്വേഷണം നേരിടുന്ന ചീഫ് ജസ്റ്റിസിന് മാസ്റ്റർ ഓഫ് ദ റോസ്റ്ററായി തുടരാൻ അർഹതയില്ലെന്നാണ് ഇന്ദിരാ ജയ്‍സിംഗിനെ പോലെയുള്ള മുതിർന്ന അഭിഭാഷകർ ഉയർത്തുന്ന വിമർശനം.