പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി എന്നിവരാണ് പിഎം കെയര്‍ ഫണ്ടിലെ ട്രസ്റ്റിമാര്‍.  പിഎം കെയര്‍ ഉപദേശ സമിതിയിലേക്ക് ഇന്‍ഫോസിസ് മുന്‍ ചെയര്‍ പേഴ്സണ്‍ സുധ മൂർത്തി ഉൾപ്പെടെ മൂന്ന് പേരെയും നിയമിച്ചിട്ടുണ്ട്.

ദില്ലി: മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കെടി തോമസിനെ പിഎം കെയര്‍ ഫണ്ട് ട്രസ്റ്റിയായിനിയമിച്ചു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട, വ്യവസായി രത്തൻ ടാറ്റ എന്നിവരെയും ട്രസ്റ്റിമാരായി നിയമിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേർന്ന പിഎം കെയ‍ര്‍ ട്രസ്റ്റി യോഗത്തില്‍ ഇവര്‍ പങ്കെടുത്തു.

പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി എന്നിവരാണ് പിഎം കെയര്‍ ഫണ്ടിലെ ട്രസ്റ്റിമാര്‍. മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രാജീവ് മെഹ്‌റിഷി, മുൻ ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധാ മൂർത്തി, ടീച്ച് ഫോർ ഇന്ത്യ സഹസ്ഥാപകൻ ആനന്ദ് ഷാ എന്നിവരെ പിഎം കെയ‍ര്‍ ഫണ്ടിൻ്റെ ഉപദേശക സമിതിയിലേക്ക് ഇന്ന് ചേ‍ര്‍ന്ന ട്രസ്റ്റി ബോ‍ര്‍ഡ് യോഗം നോമിനേറ്റ് ചെയ്തിട്ടുണ്ട്.

പിഎം കെയർഫണ്ടിൻ്റെ സുതാര്യതയുമായി ബന്ധപ്പെട്ട ഹർജിയില്‍ കേന്ദ്ര സർക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഹ‍ര്‍ജി പരിഗണിക്കവേ ദില്ലി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ട്രസ്റ്റി യോഗം ചേർന്നത്.

രാജ്യത്തെ 4345 കുട്ടികളുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന പിഎം കെയേഴ്സ് ഫോ‍ര്‍ ചിൽഡ്രൻസ് സ്കീം ഉൾപ്പെടെ പിഎം കെയേഴ്സ് ഫണ്ടിൻ്റെ സഹായത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് യോഗത്തിൽ ച‍ര്‍ച്ച നടന്നു. കൊവിഡ് മഹാമാരിയടക്കം നി‍ര്‍ണായക ഘട്ടങ്ങളിൽ പിഎം കെയ‍ര്‍ ഫണ്ട് നൽകിയ സംഭാവനകളെ പുതിയ ട്രസ്റ്റി അംഗങ്ങൾ അനുമോദിച്ചു. പിഎം കെയർസ് ഫണ്ടിലേക്ക് ന നിറഞ്ഞ ഹൃദയത്തോടെ സംഭാവന നൽകിയതിന് രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. പിഎം കെയർസ് ഫണ്ടിന്റെ ഭാഗമായി മാറിയ പുതിയ അംഗങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.