പാകിസ്ഥാനുമായി ബന്ധപ്പെട്ട ചാരപ്രവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര നേരത്തെ കേരളത്തിലെത്തിയത് ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി. മന്ത്രി റിയാസിനെ പുറത്താക്കണമെന്നും ആവശ്യം.

ദില്ലി: പാകിസ്ഥാനുമായി ബന്ധപ്പെട്ട ചാരപ്രവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര നേരത്തെ കേരളത്തിലെത്തിയത് ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി. മന്ത്രി റിയാസിനെ പുറത്താക്കണമെന്നും ആവശ്യം. പാക്കിസ്ഥാന്റെ ചാരൻമാർക്ക് ഇടത് സർക്കാർ ചുവന്ന പരവതാനി വിരിച്ചോയെന്ന് ദേശീയ വക്താവ് ഷ​ഹ്സാദ് പൂനെവാല. ഭാരതമാതാവിനെ കേരളത്തിൽ വിലക്കുകയാണെന്നും വിമർശനം. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽനിന്നും പുറത്താക്കണമെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ഷ​ഹ്സാദ് പൂനെവാല.

ജ്യോതി മൽഹോത്ര എത്തിയതുമായി ബന്ധപ്പെട്ട് ഇന്നലെ മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്ലോഗർമാരെ ടൂറിസം പ്രചാരണത്തിനായി കൊണ്ടുവരാറുണ്ടെന്നും ചാര പ്രവർത്തി ചെയ്യുന്ന ആളെന്നറിഞ്ഞിട്ടല്ല ജ്യോതി മൽഹോത്രയെ കൊണ്ടുവന്നതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിപയും വയനാട് ഉരുൾപൊട്ടലിനും പിറകെ കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് പ്രശസ്തരായ യൂട്യൂബർമാരെ കൊണ്ടുവന്നതെന്നും വിവാദങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

വസ്തുതകൾ അന്വേഷിക്കാതെ വാർത്ത നൽകരുതെന്നും ആരുടെ എങ്കിലും രാഷ്ട്രീയ ആരോപണങ്ങൾ ഏറ്റെടുക്കുകയല്ല വേണ്ടതെന്നും തുറന്നടിച്ചു. രാജ്യദ്രോഹകുറ്റം ചെയ്ത ആളെ സർക്കാർ വിളിച്ചു വരുത്തുമെന്ന് കരുതുന്നുണ്ടോ ? നല്ല ഉദ്ദേശത്തോടെ, മുൻപും ചെയ്യുന്നത് പോലെയാണ് യൂട്യൂബറായ മൽഹോത്രയെയും വിളിച്ചതെന്നും മന്ത്രി കൂട്ടിച്ചേ‌‌ർത്തു.

ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് വിനോദ സഞ്ചാര വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ പുറത്ത് വന്നതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്. ജ്യോതി അടക്കമുള്ള രാജ്യത്തെ വ്ലോഗർമാരെയാണ് പണം കൊടുത്ത് സർക്കാർ കൊണ്ടുവന്നത്. ജ്യോതി മൽഹോത്ര കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവടങ്ങളിൽ സന്ദർശനം നടത്തി വ്ലോഗും തയ്യാറാക്കി പുറത്ത് വിട്ടിരുന്നു..