നീറ്റ് പുനപരീക്ഷയിലെ സൈനിക തലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിദ്യാർത്ഥികളുടെ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ വിമർശിച്ചു. എന്നാൽ, സുതാര്യത ഉറപ്പാക്കാൻ ഇത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ മറുപടി നൽകി.

ചെന്നൈ: സൈനിക സുരക്ഷയും അത്യാധുനിക എഐ അധിഷ്ഠിത ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയുമെല്ലാം ഉപയോഗിച്ച് നടത്തുന്ന നീറ്റ് പുനപരീക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിദ്യാർത്ഥികളുടെ മേലുള്ള സമ്മർദ്ദം ഇരട്ടിയാക്കുമെന്നും ഇത് മറ്റൊരു പ്രതിസന്ധിക്ക് വഴിതുറക്കുമെന്നും അദ്ദേഹം വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് കഴിഞ്ഞ മെയ് മാസത്തിലാണ് റദ്ദാക്കിയത്. ജൂൺ 21-ന് നടക്കുന്ന പുനഃപരീക്ഷയ്ക്കായി വ്യോമസേനയുടെ വിമാനങ്ങളിലാണ് രാജ്യത്തുടനീളം ചോദ്യപേപ്പറുകൾ എത്തിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകൾ സുരക്ഷിതമായി മാറ്റുന്നതിന് ലോക്കൽ പോലീസിനൊപ്പം സിആർപിഎഫ്, സിഐഎസ്എഫ് എന്നീ കേന്ദ്ര സേനകളുടെ കനത്ത കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി വിദ്യാർത്ഥികൾക്ക് ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ പരിശോധനകളും നിർബന്ധമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഈ പരീക്ഷാ ക്രമീകരണങ്ങളെല്ലാം പുരോഗമിക്കുന്നത്. പരീക്ഷ നടത്തുന്നതിനായി സർക്കാർ ഒരുക്കിയിരിക്കുന്ന ഈ ബഹുമുഖ മേൽനോട്ട സംവിധാനങ്ങളെ വിമർശിച്ചു കൊണ്ടാണ് അണ്ണാമലൈ രംഗത്തെത്തിയത്- "ഇതൊന്നും അതീവ രഹസ്യ സ്വഭാവമുള്ള സൈനിക നിലവാരത്തിലുള്ള സോഫ്റ്റ്‌വെയറുകൾ വാങ്ങാനുള്ള തയാറെടുപ്പുകളല്ല, മറിച്ച് ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയ വിചിത്രമായ ക്രമീകരണങ്ങളാണ്" എന്ന് അദ്ദേഹം തന്റെ എക്സിൽ കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

"സി.ആർ.പി.എഫ് , സി.ഐ.എസ്.എഫ് സുരക്ഷാ അകമ്പടിയും വ്യോമസേനയുടെ എയർലിഫ്റ്റിംഗ് സൗകര്യവും.

എ.ഐ നിരീക്ഷണ സംവിധാനത്തോടു കൂടിയ സി.സി.ടി.വി കാവൽ.

പ്രവേശനത്തിന് മുൻപായി ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ (മുഖം തിരിച്ചറിയൽ) പരിശോധനകൾ.

പല ഘട്ടങ്ങളിലായുള്ള കടുത്ത ദേഹപരിശോധന.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തോടെയുള്ള ബഹുതല നിരീക്ഷണ സംവിധാനം.

അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. എന്നാൽ ഇതൊന്നും അതീവ രഹസ്യസ്വഭാവമുള്ള, സൈനിക ആവശ്യങ്ങൾക്കുള്ള സോഫ്റ്റ്‌വെയറുകൾ വാങ്ങുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങളല്ല. 2026 ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളാണിവ.

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങളും കർശന നിരീക്ഷണവും ഏർപ്പെടുത്തിയ സർക്കാരിന്റെ ശ്രമങ്ങളെ ഓരോ വിദ്യാർത്ഥിയും തീർച്ചയായും അഭിനന്ദിക്കും. എന്നാൽ പ്രവേശന കവാടത്തിലെ വർദ്ധിച്ചുവരുന്ന പരിശോധനകളും നീണ്ടുനിൽക്കുന്ന ദേഹപരിശോധനയും പരീക്ഷാ സമയം 180 മിനിറ്റിൽ നിന്ന് 195 മിനിറ്റായി വർദ്ധിപ്പിച്ചതുമെല്ലാം വിദ്യാർത്ഥികളിൽ ഇതിനകം തന്നെയുള്ള കടുത്ത പരീക്ഷാ സമ്മർദ്ദം ഇരട്ടിയാക്കാൻ മാത്രമേ ഉപകരിക്കൂ.

ചോദ്യപേപ്പർ ചോർച്ച തടയാൻ സർക്കാർ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി തയ്യാറെടുപ്പ് നടത്തുന്ന ഈ വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് നേരിടേണ്ടി വരുന്ന മാനസിക ഭാരത്തെക്കുറിച്ച് അവർ മറന്നുപോയിരിക്കുന്നു. ഇത് നമ്മുടെ പരീക്ഷാ സമ്പ്രദായത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെയും പരീക്ഷാ സമ്മർദ്ദം കുറയ്ക്കുക എന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പ്രധാന ഉദ്ദേശ്യത്തെയും തന്നെ ഇല്ലാതാക്കുന്നതാണ്. നീറ്റ് പുനഃപരീക്ഷയ്ക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പുതിയ സമീപനം പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്നതാണോ എന്ന് എനിക്ക് ആശങ്കയുണ്ട്. നേരെമറിച്ച് ഇത് തികച്ചും പുതിയൊരു കൂട്ടം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് സാധ്യത"

അണ്ണാമലൈയുടെ ഈ കടുത്ത വിമർശനത്തിന് എതിരെ ബിജെപി നേതൃത്വം ശക്തമായ ഭാഷയിലാണ് മറുപടി നൽകിയത്. വലിയ തോതിൽ പരീക്ഷകൾ നടത്തുമ്പോൾ ബയോമെട്രിക് പരിശോധന, സിസിടിവി നിരീക്ഷണം, കനത്ത സുരക്ഷാ പരിശോധനകൾ എന്നിവയെല്ലാം തികച്ചും സ്വാഭാവികമായ നടപടിക്രമങ്ങൾ മാത്രമാണെന്ന് ബിജെപി നേതാവ് വിനോദ് സെൽവം മറുപടി നൽകി. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യത ഉറപ്പാക്കാൻ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് ഉദാഹരണമായി ചൈനയിലെ അതികഠിനമായ പ്രവേശന പരീക്ഷയായ ഗാവോകാവോയെ വിനോദ് സെൽവം ചൂണ്ടിക്കാണിച്ചു. ലോകത്തിലെ തന്നെ ഏറ്റവും കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾക്കിടയിലാണ് ഓരോ വർഷവും ചൈനയിൽ 13 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ ഈ കോളേജ് പ്രവേശന പരീക്ഷ എഴുതുന്നത്. അവിടെ ആരും അതിനെ പരീക്ഷാ സമ്പ്രദായത്തിന്റെ സൈനികവൽക്കരണം എന്ന് വിളിക്കാറില്ലെന്നും മറിച്ച് മെറിറ്റ് സംരക്ഷിക്കുന്നതിനുള്ള നടപടിയായാണ് കാണുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പരീക്ഷാ സമ്പ്രദായത്തിൽ പൂർണ്ണമായ വിശ്വാസ്യതയാണ് ഉണ്ടാകേണ്ടതെന്നും അല്ലാതെ പരീക്ഷാ നടപടികൾ കർശനമാക്കുമ്പോഴെല്ലാം അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളല്ല ഉണ്ടാകേണ്ടതെന്നും വിനോദ് സെൽവം കൂട്ടിച്ചേർത്തു. പരീക്ഷാ സുരക്ഷയെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ തർക്കങ്ങൾ നീറ്റ് പരീക്ഷാ നടത്തിപ്പിനെ വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.