കെസിആറിന്റെ മകളും ബിആ‌ർഎസ് നേതാവുമായ കെ കവിതയെ പാർട്ടി നിന്നും സസ്പെൻഡ് ചെയ്തു.

ബെംഗളൂരു: തെലുങ്കാന മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത ബിആർഎസ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രസ്താവനകളുടെ പേരിലാണ് നടപടി. കാലേശ്വരം ജലസേചന പദ്ധതി അഴിമതിയിൽ മുതിർന്ന നേതാക്കൾക്ക് പങ്കുണ്ടെന്ന് കവിത ആരോപിച്ചിരുന്നു. നിലവിൽ ബിആർഎസ് എംഎൽസി ആണ് കെ കവിത.

പ്രധാന സ്ഥാനം തന്നില്ലെങ്കിൽ പാർട്ടി വിടുമെന്ന് കെ കവിത നേരത്തെ മുന്നറിയിപ്പ് നൽകിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിആർഎസ് വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനമാണ് കെ കവിത ആവശ്യപ്പെട്ടത്. മേയ് മാസത്തിൽ കെസിആറിന് എഴുതിയ കത്തിൽ പാർട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടെന്ന് കവിത സൂചിപ്പിച്ചതിനെ തുടർന്നാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. കവിതയുടെ യുഎസ് സന്ദർശനത്തിനിടെയാണ് കത്ത് ചോർന്നത്. കെസിആറിന് എഴുതിയതെന്ന പേരിൽ പുറത്ത് വന്ന കത്ത് തന്‍റേത് തന്നെയെന്ന് മകളും ബിആർഎസ് കൗൺസിലറുമായ കെ കവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. വ്യക്തിപരമായി എഴുതിയ കത്ത് എങ്ങനെ പുറത്ത് വന്നു എന്നറിയില്ലെന്നും അതിൽ വേദനയുണ്ടെന്നും കെ കവിത പറഞ്ഞിരുന്നു. കെസിആർ ചില പിശാചുക്കൾക്കിടയിലാണ് ജീവിക്കുന്നതെന്നും അവർ പാർട്ടിയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും കവിത കുറ്റപ്പെടുത്തി.

കത്ത് പുറത്ത് വന്നത് പാർട്ടിക്കുള്ളിൽ നിന്ന് തന്നെയാണെന്നും അതിൽ ആഭ്യന്തര അന്വേഷണം വേണമെന്നും കവിത ആവശ്യപ്പെട്ടിരുന്നു. പ്രതിസന്ധിയിൽ തന്‍റെ കുടുംബവും പാർട്ടിയും ഒന്നിച്ചാണ് നിൽക്കുന്നതെന്നും ഭിന്നതയില്ലെന്നും പറയുന്ന കവിത, കെസിആർ അല്ലാതെ മറ്റൊരു നേതാവിനെക്കുറിച്ച് പാർട്ടിക്ക് ആലോചിക്കാൻ പോലും കഴിയില്ലെന്നും നേരത്തെ പറഞ്ഞിരുന്നു. പാർട്ടി അധ്യക്ഷ പദവി മകൻ കെടിആറിനെ ഏൽപിച്ച് കെസിആർ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് കവിതയുടെ കത്ത് പുറത്ത് വന്നതെന്നതും ശ്രദ്ധേയമാണ്.