കേരള എംപിമാർക്കുനേരെ ഉണ്ടായ കയ്യേറ്റം കോൺഗ്രസ് പാർലമെന്റിലും ഉന്നയിച്ചു. ലോക്സഭയിൽ വിഷയം ഉന്നയിച്ച എംപിമാരോട് നടന്ന സംഭവങ്ങൾ എഴുതി നൽകാൻ സ്പീക്കർ ഓം ബിർല നിർദേശിച്ചു.
ദില്ലി: സിൽവർ ലൈൻ പ്രതിഷേധത്തിനിടെ ദില്ലി പൊലീസിലെ പുരുഷന്മാർ കയ്യേറ്റം ചെയ്തുവെന്ന ആരോപണവുമായി രമ്യ ഹരിദാസ് എംപി. പൊലീസുകാർ മോശമായാണ് പെരുമാറിയതെന്നും സ്ത്രീയെന്ന പരിഗണനയോ എംപിയെന്ന പരിഗണനയോ നൽകിയില്ലെന്നും രമ്യ ഹരിദാസ് ആരോപിച്ചു.
കെ റെയിലിനെതിരെ പ്രതിഷേധിച്ച കേരളത്തിലെ പ്രതിപക്ഷ എംപിമാർക്ക് നേരെ പാർലമെന്റിനു മുന്നിൽ വച്ച് കയ്യേറ്റമുണ്ടായത്. പ്രതിഷേധ മാർച്ചുമായി പാർലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപത്തേക്ക് നീങ്ങുമ്പോൾ എംപിമാരെ ദില്ലി പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച എംപിമാരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുതള്ളി. പുരുഷ പോലീസുകാരുടെ മർദനം ഏറ്റതായി രമ്യ ഹരിദാസ് എംപി ആരോപിച്ചു. ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപനെ പൊലീസ് പിടിച്ചു തള്ളി.
ഇന്ന് രാവിലെ പാർലമെന്‍റിനു മുന്നിൽ നടന്ന നാടകീയ സംഭവങ്ങൾ ഇങ്ങനെ:
10.40 AM
വിജയ് ചൗക്കിൽ കേരളത്തിലെ എംപിമാർ മാധ്യമങ്ങളെ കണ്ടു
10.45 AM
എം.പി മാർ പ്രതിഷേധ മാർച്ച് ആയി പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപത്തേക്ക്
10 .48 AM
പാർലമെന്റിലേക്കുള്ള വഴിയിൽ ദില്ലി പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് എംപിമാരെ തടയുന്നു
10 .50 AM
എംപിമാർ ആണെന്ന് പറഞ്ഞിട്ടും കടത്തി വിടുന്നില്ല, ബാരിക്കേഡ് കടക്കാൻ എംപിമാരുടെ ശ്രമം
10 .51 AM
ഉന്തും തള്ളുമാകുന്നു, എംപിമാരെ പിടിച്ചുതള്ളുന്നു
10.55 AM
മർദ്ദനമേറ്റതായി എംപിമാർ പുരുഷ പോലീസുകാർ മർദിച്ചെന്ന് രമ്യ ഹരിദാസ്
കേരള എംപിമാർക്കുനേരെ ഉണ്ടായ കയ്യേറ്റം കോൺഗ്രസ് പാർലമെന്റിലും ഉന്നയിച്ചു. ലോക്സഭയിൽ വിഷയം ഉന്നയിച്ച എംപിമാരോട് നടന്ന സംഭവങ്ങൾ എഴുതി നൽകാൻ സ്പീക്കർ ഓം ബിർല നിർദേശിച്ചു. വിഷയം ചേമ്പറിൽ ചർച്ച ചെയ്യാമെന്നും സ്പീക്കർ അറിയിച്ചു.
അതിനിടെ എംപിമാർക്ക് നേരെയുള്ള പൊലീസ് കയ്യേറ്റത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. അതീവ സുരക്ഷാ മേഖലയിൽ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടക്കാറില്ല. കോൺഗ്രസുകാർ വാർത്ത വരാൻ നടത്തിയ ശ്രമം മാത്രമാണിതെന്നാണ് സുരേന്ദ്രൻ്റെ ആരോപണം. കോൺഗ്രസ് എംപിമാർ ചെയ്തത് വിവരക്കേടാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി
ഇതിനിടയിൽ സിൽവർ ലൈനിൽ അനുമതി തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു. കൂടിക്കാഴ്ച അര മണിക്കൂറിലേറെ നീണ്ടു. വൈകിട്ട് നാലിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
