Asianet News MalayalamAsianet News Malayalam

കളിയിക്കാവിള കൊലക്കേസ് എന്‍ഐഎക്ക് കൈമാറും

കേസ് എൻഐഎയ്ക്ക് കൈമാറാൻ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തു. കേസിലെ മുഖ്യപ്രതികളായ തൗഫീക്കിനെയും മുഹമ്മദ് ഷെമീമിനെയും ഇന്നലെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു

kaliyikkavila murder case will be handed over to nia
Author
Chennai, First Published Jan 22, 2020, 12:55 PM IST

ചെന്നൈ: കളിയിക്കാവിളിയിലെ എഎസ്ഐ വില്‍സന്‍റെ കൊലപാതക കേസ്  ഉടന്‍ എന്‍ഐഎ ഏറ്റെടുത്തേക്കും. കേസ് എന്‍ഐഎക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. പ്രതികളുടെ അന്തര്‍സംസ്ഥാന തീവ്രവാദ ബന്ധം കണക്കിലെടുത്താണ് സര്‍ക്കാര്‍ ശുപാര്‍ശ.

ഇതുവരെ പിടിയിലായവര്‍ നിരോധിത സംഘടനയായ അല്‍ ഉമ്മയുടെയും തമിഴ്‍നാട് നാഷണല്‍ ലീഗിന്‍റെയും പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച്  ആക്രമണത്തിന് പദ്ധതിയിട്ടതിന്‍റെയും മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ആസൂത്രണം നടത്തിയതിന്‍റെയും തെളിവുകള്‍ തമിഴ്നാട് ക്യു ബ്രാഞ്ചിന് ലഭിച്ചിരുന്നു .പ്രതികളില്‍  രണ്ട് പേര്‍ ചാവേറാകാന്‍ നേപ്പാളില്‍ പരിശീലനം നടത്തിയതിന്‍റെ രേഖകളും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് എന്‍ഐഎക്ക് കൈമാറാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ

കേസിലെ മുഖ്യപ്രതികളായ തൗഫീക്കിനെയും മുഹമ്മദ് ഷെമീമിനെയും ഇന്നലെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പ്രതികളെ പത്തു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാനാണ് നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടത്.  കുറ്റം സമ്മതിച്ചെങ്കിലും ഗൂഢാലോചനയെക്കുറിച്ചോ സഹായം നൽകിയവരെക്കുറിച്ചോ പ്രതികള്‍ വിവരം നൽകിയിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെയും കണ്ടെത്താനുമായിട്ടില്ല. 

കളിയിക്കാവിള കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരനും അൽ ഉമ്മ നേതാവുമായ മെഹബൂബ് പാഷ അടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡ‍ിയിലുള്ളത്. കളിയിക്കാവിള പ്രതികൾ ഉൾപ്പെട്ട അൽ ഉമ്മയുടെ പതിനേഴംഗ സംഘത്തെ നയിച്ചത് മെഹബൂബ് പാഷയാണെന്നാണ് പൊലീസ് പറയുന്നത്. ഐഎസിൽ ചേർന്ന ശേഷം മടങ്ങിയെത്തിയ മെഹബൂബ് പാഷ മൊയ്നുദ്ദീൻ ഖ്വാജയുമായി ചേർന്ന് അൽ ഉമ്മയുടെ പ്രവർത്തനം ഏറ്റെടുത്തെന്ന് എഫ്ഐആറിലുണ്ട്. ഹിന്ദുമുന്നണി നേതാവ് സുരേഷിന്‍റെ കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിൽ നിന്ന് ആറ് വർഷം മുമ്പ് പ്രവർത്തനം കർണാടകത്തിലേക്കും ദില്ലിയിലേക്കും മാറ്റി. ഹിന്ദു സംഘടനാ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ വധിക്കാനുളള ആസൂത്രണം ബെംഗളൂരുവിലെ മെഹബൂബ് പാഷയുടെ വീട് കേന്ദ്രീകരിച്ച് നടന്നു. 

എഎസ്എയുടെ കൊലപാതകത്തിന് പിന്നിൽ തീവ്രവാദ സംഘടനകളുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ തമിഴ്നാട്ടിലെ  രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥർക്കും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ  പുതുതായി രൂപീകരിച്ച തീവ്രവാദ സംഘം ആക്രണത്തിന് പദ്ധതിയിട്ടിരുന്നതായി  പൊലീസ് പറയുന്നു. അന്വേഷണം ദക്ഷിണേന്ത്യയിൽ  കൂടുതൽ സ്ഥലങ്ങളിലേയ്ക്ക്  വ്യാപിപ്പിച്ചിട്ടുമുണ്ട്. 
 

Follow Us:
Download App:
  • android
  • ios