ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹിന്ദി വാദ പരാമര്‍ശത്തിനെതിരെ നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് കമല്‍ഹാസന്‍ മുന്നറിയിപ്പ് നല്‍കി. ട്വിറ്ററില്‍ വീഡിയോയിലൂടെയാണ് കമല്‍ഹാസന്‍റെ ഹിന്ദിവാദത്തിനെതിരെ ആഞ്ഞടിച്ചത്. 1950ല്‍ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോള്‍ അവരവരുടെ ഭാഷയും സംസ്കാരവും സംരക്ഷിമെന്നത് നമുക്ക് നല്‍കിയ ഉറപ്പാണ്.

ഷായ്ക്കും സുല്‍ത്താനും സാമ്രാട്ടിനുമൊന്നും ആ ഉറപ്പ് ലംഘിക്കാനാകില്ല. എല്ലാ ഭാഷകളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷേ ഞങ്ങളുടെ മാതൃഭാഷ തമിഴാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. ജെല്ലിക്കെട്ട് ഒരു പ്രതിഷേധം മാത്രമായിരുന്നു, എല്ലാ ഭാഷകൾക്കുമായുള്ള പോരാട്ടം അതിനേക്കാൾ വലുതായിരിക്കും. ഇത്തരമൊരു യുദ്ധം തമിഴ്നാടിനോ ഇന്ത്യക്കോ ആവശ്യമില്ല.

ഐക്യ ഇന്ത്യക്കായി നിരവധി രാജാക്കന്മാര്‍ അവരുടെ രാജ്യം വിട്ടു നല്‍കി. എന്നാല്‍, ഒരാള്‍ പോലും ഭാഷ വിട്ടു നല്‍കിയിട്ടില്ല.  ദേശീയഗാനം ബംഗാളിയില്‍ ആലപിക്കുന്നത് മിക്ക ഇന്ത്യക്കാര്‍ക്കും അഭിമാനത്തോടെയാണ്. എല്ലാ ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും ബഹുമാനം നല്‍കി എഴുതിയതുകൊണ്ടാണ് അത് ദേശീയഗാനമായത്. എല്ലാം ഉൾക്കൊള്ളുന്ന ഒരു ഇന്ത്യയെ അടഞ്ഞ ഒന്നാക്കി മാറ്റരുത്. അത്തരം ഇടുങ്ങിയ ചിന്താഗതികൾ എല്ലാവർക്കും ദോഷം ചെയ്യുമെന്നും കമൽ ഹാസൻ പറഞ്ഞു.