Asianet News MalayalamAsianet News Malayalam

മരണാനന്തരമുള്ള അവയവദാനം; ഡിഎംകെ സര്‍ക്കാരിനെ വീണ്ടും പ്രശംസിച്ച് കമല്‍ഹാസന്‍

കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം, ഡിഎംകെയുമായി സഖ്യത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രതികരണം

kamal haasan praises dmk government again
Author
First Published Sep 25, 2023, 2:07 PM IST

ചെന്നൈ: തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ പ്രശംസിച്ച് വീണ്ടും നടന്‍ കമല്‍ഹാസന്‍. മരണാനന്തരം അവയവദാനം ചെയ്യുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തുന്നത് മാതൃകാപരമെന്നാണ് നടന്‍ കമല്‍ഹാസന്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ അഭിപ്രായപ്പെട്ടത്. നേരത്തെ വീട്ടമ്മമാര്‍ക്ക് 1000 രൂപ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയെ കമല്‍ഹാസന്‍ പ്രശംസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ട് സര്‍ക്കാരിന്‍റെ പുതിയ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് കമല്‍ഹാസന്‍ പ്രതികരിച്ചത്. കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം, ഡിഎംകെയുമായി സഖ്യത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രതികരണം.

തന്‍റെ ഏടുത്ത കുടുംബാംഗത്തിന് മസ്തിഷ്ക മരണം സംഭവിച്ചപ്പോള്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവയവങ്ങള്‍ ദാനം ചെയ്തിരുന്നു. അവയവദാനം വലിയൊരു ത്യാഗമാണ്. അതിനാല്‍ തന്നെ മരണാനന്തരം അവയവദാനം ചെയ്യുന്നവരുടെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും തമിഴ്നാട് മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയാണെന്നും കമല്‍ഹാസന്‍ കുറിച്ചു. അവയവദാനത്തെക്കുറിച്ച് ബോധവത്കരണം നല്‍കുന്നതിനും ഈ പ്രഖ്യാപനം സഹായകമാകുമെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യവുമായുള്ള സഖ്യവുമായി ബന്ധപ്പെട്ട് ഡിഎംകെയുടെ തീരുമാനം തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചത്. കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് കമല്‍ഹാസന്‍ അറിയിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഉദയനിധിയുടെ പ്രതികരണമുണ്ടായത്. മക്കൾ നീതി മയ്യം യോഗത്തിലായിരുന്നു കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്. കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് കിട്ടുന്നതെന്നും. അതിനാൽ കോയമ്പത്തൂരിൽ മത്സരിക്കുമെന്നുമായിരുന്നു കമൽഹാസന്‍റെ പ്രതികരണം.


സനാതന ധർമ വിവാദത്തില്‍ ഉദയനിധിക്ക് കമല്‍ഹാസന്‍ പരോക്ഷ പിന്തുണ നല്‍കിയിരുന്നു. സ്വന്തം അഭിപ്രായം പറയാൻ ഉദയനിധിക്ക് അവകാശമുണ്ടെന്നായിരുന്നു കമൽഹാസൻ പറഞ്ഞത്. വിയോജിക്കുന്നെങ്കിൽ സനാതനത്തിന്റെ ഗുണം ഉയർത്തി സംവാദമാകണം. ഭീഷണിപ്പെടുത്തുകയോ വാക്കുകൾ വളച്ചൊടിക്കുകയോ അല്ല വേണ്ടത്. ശരിയായ ചോദ്യങ്ങൾ സുപ്രധാന ഉത്തരങ്ങൾക്ക് വഴി തുറന്നതാണ് ചരിത്രം. പാരമ്പര്യങ്ങളെ കുറിച്ച് ക്രിയാത്മകമായ ചർച്ചകൾ അനിവാര്യമാണെന്നും കമൽഹാസൻ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios