ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം നിരാശാജനകമെന്ന് കമല്‍ഹാസന്‍. ചെന്നൈയിൽ എത്തിയാൽ ഉടൻ രജനികാന്തിനെ കാണും. രജനി രാഷ്ട്രീയത്തിലേക്ക് വരണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ രജനികാന്തിന്‍റെ ആരോഗ്യവും മുഖ്യമെന്ന് കമൽ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളും തീവ്ര കൊവിഡ് വ്യാപനവും കണക്കിലെടുത്താണ് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് രജനികാന്ത് പിന്‍വാങ്ങുന്നത്. ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിലായത് ദൈവത്തിന്‍റെ മുന്നറിയിപ്പായി കാണുന്നു. ഏറെ വേദനയുണ്ടെന്നും മറ്റ് വഴികളില്ലെന്നും താരം പത്രക്കുറിപ്പില്‍
വിശദീകരിച്ചു. 

അണ്ണാത്തെ ലൊക്കേഷനിൽ കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ വലിയ ആശങ്കയിലായിരുന്നു സൂപ്പര്‍സ്റ്റാറുംകുടുംബവും. നാല് വർഷം മുമ്പ് നടന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പ്രായവും കണക്കിലെടുത്ത് സമ്പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്. രജനികാന്തിനെ മുൻനിർത്തി നിർണായക നീക്കങ്ങൾക്ക് ബിജെപി ലക്ഷ്യമിട്ടിരിക്കേയാണ് താരത്തിന്‍റെ പിൻമാറ്റം. രജനിയുടെ തീരുമാനം ഏറെ വേദനയുണ്ടാക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു.