തമിഴ്നാട്ടിൽ ഒഴിവുവരുന്ന ആറ് സീറ്റുകളില്‍ ഒന്നിലാണ് കമൽ ഹാസന്‍ മത്സരിക്കുക. ജൂൺ 19നാണ് തെരഞ്ഞെടുപ്പ്.
ചെന്നൈ: മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ രാജ്യസഭയിലേക്ക്. മക്കൾ നീതി മയ്യം കമൽ ഹാസനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പ്രമേയം എംഎന്‍എം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നും പ്രമേയത്തില്‍ പറയുന്നു. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തെരഞ്ഞെടുപ്പ്. മൂന്ന് സ്ഥാനാർത്ഥികളെ ഡിഎംകെയും പ്രഖ്യാപിച്ചു. പി വിൽസൻ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ് ആർ ശിവലിംഗം, എഴുത്തുകാരി സൽമ എന്നിവരും ഡിഎംകെ സ്ഥാനാർത്ഥികളാകും. അതേസമയം, നിലവില്‍ രാജ്യസഭ അംഗമായ വൈക്കോയ്ക്ക് സീറ്റ് നിഷേധിച്ചു.
അതിനിടെ, കമൽ ഹാസനെതിരെ ബിജെപി രംഗത്തെത്തി. കമൽ ഹാസന്‍ കന്നഡയെ അപമാനിച്ചെന്നാണ് ബിജെപിയുടെ ആരോപണം. തമിഴിൽ നിന്ന് ഉരുവം കൊണ്ട ഭാഷയാണ് കന്നഡയെന്ന് തഗ് ലൈഫ് ഓഡിയോ ലോഞ്ച് പരിപാടിയിൽ കമൽ പറഞ്ഞിരുന്നു. ഇത് കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്ന് കർണാടക ബിജെപി പ്രസിഡന്‍റ് ബി വിജയേന്ദ്ര പറഞ്ഞു. സ്വന്തം ഭാഷയെ പുകഴ്ത്താൻ മറ്റൊരു ഭാഷയെ ഇകഴ്ത്തരുതെന്നും ബി വിജയേന്ദ്ര കൂട്ടിച്ചേര്‍ത്തു. കന്നഡ നടൻ ശിവരാജ് കുമാറിനോട് സംസാരിക്കവേയായിരുന്നു കമൽ ഹാസന്‍റെ പരാമർശം.


