ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥ് രാജി പ്രഖ്യാപിച്ചു. വൈകിട്ട് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാജി പ്രഖ്യാപനം. ബിജെപി ഗൂഢാലോചന നടത്തി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടതായും കമല്‍നാഥ് പ്രതികരിച്ചു. കോൺഗ്രസ് എംഎൽഎമാരെ അവര്‍ ബന്ദികളാക്കി. മധ്യപ്രദേശിന് പുതിയ ദിശാബോധം നൽകാനാണ് താന്‍ ശ്രമിച്ചത്. ജനങ്ങൾക്കിപ്പോഴും തന്നില്‍ വിശ്വാസമുണ്ട്. താനൊരു തെറ്റും ചെയ്തിട്ടില്ല. ഇന്ന് ഒരു മണിയോടെ രാജി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

ആറ് മന്ത്രിമാരടക്കം 22 എംഎല്‍മാര്‍ കൂറുമാറിയ പശ്ചാത്തലത്തില്‍ 206 അംഗസഭയില്‍ കേവല ഭൂരിപക്ഷത്തിന് 104 പേരുടെ പിന്തുണ വേണം. 107 സീറ്റുള്ള ബിജെപിയുടെ നില ഭദ്രമാണ് സ്വതന്ത്രരുടെയും ബിഎസ്പി എസ്പി അംഗങ്ങളുടെയും പിന്തുണയുണ്ടെങ്കില്‍ പോലും കോണ്‍ഗ്രസിന്‍റെ അംഗസംഖ്യ 99 ആകുകയുള്ളു. ഈ സാഹചര്യത്തില്‍ രാജി മാത്രമായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിന് മുന്നിലെ വഴി. സംസ്ഥാനത്ത് ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഇന്നലെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

'കുതിരക്കച്ചവടത്തിന് സൗകര്യം ഒരുക്കണമെന്നാണോ'; മധ്യപ്രദേശ് പ്രതിസന്ധിയിൽ കടുപ്പിച്ച് സുപ്രീംകോടതി

16 വിമത എംഎല്‍എമാര്‍ വോട്ടെടുപ്പിനെത്തിയാല്‍ സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നും വിശ്വാസ വോട്ടെടുപ്പ് സുതാര്യമാക്കാന്‍ രഹസ്യ ബാലറ്റ് ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. കോണ്‍ഗ്രസ് യുവനേതാവ് ജ്യോതിരാദിത്യസിന്ധ്യയുടെ ബിജെപി പ്രവേശനവും എംഎല്‍എമാര്‍ മറുകണ്ടം ചാടിയതുമായാണ് കോണ്‍ഗ്രസിന് വിനയായത്. 

കമൽനാഥ് സർക്കാർ വാഴുമോ വീഴുമോ? മധ്യപ്രദേശിൽ നാളെ വിശ്വാസവോട്ടെടുപ്പ്