ദില്ലി: അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസിനെ തെരഞ്ഞെടുത്തതിന്റെ സന്തോഷത്തിലാണ് കമലയുടെ ഇന്ത്യയിലെ ബന്ധുക്കൾ. കമല ഹാരിസിന്റെ വിജയം ലോകത്തിന് നന്മ വരുത്തുമെന്ന് കമലയുടെ മാതൃസഹോദരൻ ബാലചന്ദ്രൻ ഗോപാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യാത്രാനുമതി കിട്ടിയാൽ സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ബാലചന്ദ്രൻ ഗോപാലനും കുടംബവും.

വിജയം ഉറപ്പെന്ന് പ്രതീക്ഷിച്ചിരുന്നു ബാലചന്ദ്രൻ ഗോപാലൻ. നാല് ദിവസത്തോളം സസ്പെൻസ് നീണ്ട പോയപ്പോഴും ബാലചന്ദ്രൻ ആശങ്കപ്പെട്ടിരുന്നില്ല, ക്രിക്കറ്റ് മത്സരത്തിൽ എല്ലാ ടീമുകളും വിജയിക്കുമെന്ന് അവകാശപ്പെടുന്നത് പോലെയാണ് ട്രംപ് വിജയം അവകാശപ്പെട്ടതെന്ന് ബാലചന്ദ്രന്‍ പറയുന്നു. ജോ ബൈഡന്റേയും കമലയുടെയും വിജയം ലോകത്തിന്റെ നന്മക്കെന്നാണ് ബാലചന്ദ്രന്‍ പറയുന്നത്. 

കൈയില്‍ തൂങ്ങി നടന്നിരുന്ന ആ കൊച്ചുപെണ്‍കുട്ടിയുടെ വിശ്വവിജയത്തെ എത്ര വര്‍ണ്ണിച്ചിട്ടും അമ്മാവനായ ബാലചന്ദ്രന് മതിയാകുന്നില്ല. കമലയെ നേരിട്ട് കണ്ട് സന്തോഷം അറിയിക്കണം. യാത്രാനുമതി കിട്ടിയാല്‍ ഉടന്‍ അമേരിക്കയ്ക്ക് പറക്കും. 28 വര്‍ഷം മുമ്പ് അമേരിക്കയിലെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ ബാലചന്ദ്രന്‍ ഇപ്പോൾ ദില്ലിയിലെ മാളവ്യനഗറിലാണ് താമസം.