അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കുമെന്ന വിലയിരുത്തലില്‍ കേരള ഘടകം മാത്രമാണ് കനയ്യയ്ക്ക് വേണ്ടി വാദിക്കുന്നത്

ദില്ലി: സിപിഐ അനുനയ നീക്കം നടത്തുമ്പോഴും മനസ് തുറക്കാതെ ബിഹാറിൽ നിന്നുള്ള യുവ നേതാവ് കനയ്യ കുമാര്‍. കനയ്യയുമായി തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവടക്കമുള്ള നേതാക്കളുടെ അഭിപ്രായവും അടുത്ത ഘട്ടത്തില്‍ കോണ്‍ഗ്രസ് തേടും.

സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ തന്നെ രംഗത്തിറങ്ങിയാണ് കനയ്യകുമാറിനെ അനുനയിപ്പിക്കാന്‍ നീക്കം നടത്തിയത്. ബിഹാര്‍ ഘടകവുമായി യോജിച്ച് പോകാനാവില്ലെന്ന കനയ്യയുടെ നിലപാട് പരിശോധിക്കാമെന്നല്ലാതെ പരിഹാര നിര്‍ദ്ദേശങ്ങളൊന്നും രാജ മുന്‍പോട്ട് വെച്ചിട്ടില്ലെന്നാണ് സൂചന. മാത്രമല്ല പാര്‍ട്ടിയില്‍ കനയ്യയെ പിടിച്ചുനിര്‍ത്തണമെന്ന ആവശ്യം ബിഹാര്‍ ഘടകം ആവശ്യപ്പെട്ടിട്ടുമില്ല.

അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കുമെന്ന വിലയിരുത്തലില്‍ കേരള ഘടകം മാത്രമാണ് കനയ്യയ്ക്ക് വേണ്ടി വാദിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രവേശനം ഇത്രത്തോളം ചര്‍ച്ചയായിട്ടും കനയ്യ മൗനം തുടരുന്നത്. അതേ സമയം കനയ്യുമായി ചര്‍ച്ച തുടരുമെന്നാണ് കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തുടര്‍ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കനയ്യയോട് സംസാരിച്ചേക്കുമെന്നും സൂചനയുണ്ട്. കനയ്യയുടെ വരവില്‍ കോണ്‍ഗ്രസ് ആര്‍ജെഡി പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് വിവരം. ബിഹാര്‍ സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ തേജസ്വി യാദവടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona