Asianet News MalayalamAsianet News Malayalam

'ആവശ്യപ്പെട്ടത് റോഡ് ഗതാഗത യോഗ്യമാക്കാന്‍, പ്രകോപനം ഉണ്ടാക്കിയിട്ടില്ല'; വിദ്വേഷ പ്രസംഗത്തിൽ കപിൽ മിശ്ര

റോഡ് തടയുന്നവരെ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെടുന്നവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നത് പക്ഷപാതമാണെന്നും കപില്‍ മിശ്ര 

Kapil Mishra says he did not deliver hate speech
Author
Delhi, First Published Feb 27, 2020, 7:13 PM IST

ദില്ലി: ദില്ലിയിലെ മൗജ്പൂര്‍ ചൗക്കില്‍ പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രകോപനപരമായി ഒന്നുമില്ലെന്ന് കപില്‍ മിശ്ര. റോഡ് ഗതാഗത യോഗ്യമാക്കണം എന്ന് പൊലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്‍തത്. റോഡ് തടയുന്നവരെ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെടുന്നവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നത് പക്ഷപാതമാണെന്നും കപില്‍ മിശ്ര കുറ്റപ്പെടുത്തി. കോടതി വ്യവഹാരങ്ങളിൽ  പ്രതികരിക്കാൻ ഇല്ലെന്നും കപില്‍ മിശ്ര കൂട്ടിച്ചേര്‍ത്തു. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് ഇന്നലെ ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ പ്രസംഗങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി എടുക്കാനായിരുന്നു ദില്ലി പൊലീസിന് ജസ്റ്റിസ് മുരളീധര്‍ നിര്‍ദ്ദേശം നൽകിയത്. തൊട്ടുപിന്നാലെ ഈ കേസ് വാദം കേട്ട ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റുകയായിരുന്നു.  

കേസില്‍ വാദം കേൾക്കുന്നത് നാലാഴ്ചത്തേക്ക് ദില്ലി ഹൈക്കോടതി മാറ്റിയിരിക്കുകയാണ്. കേസെടുക്കേണ്ട കാര്യമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു. കേസ് ഏപ്രില്‍ 13 ന് വീണ്ടും വാദം കേള്‍ക്കും.  സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാൻ ദില്ലി പൊലീസിനോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിക്ക് മുൻപാകെ എത്തിയ ദൃശ്യങ്ങൾ ഗൂഢമായ ഉദ്ദേശത്തോടെയുള്ളതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്ത പറഞ്ഞു. ദില്ലിയിലെ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 48 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രമസമാധാനം പുന:സ്ഥാപിക്കാനാണ് ഇപ്പോള്‍ പരിഗണന. വീഡിയോയില്‍ പരിശോധന വേണം. വീഡിയോ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് ദില്ലി പൊലീസ് സമര്‍പ്പിക്കണമെന്നും തുഷാര്‍ മേത്ത വാദിച്ചു.

എന്നാല്‍ തുഷാര്‍ മേത്തയുടെ വാദങ്ങളെ എതിര്‍ത്ത് പരാതിക്കാരന്റെ അഭിഭാഷകന്‍ രംഗത്തെത്തി. കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ ഉടൻ കേസെടുക്കണമെന്നായിരുന്നു ആവശ്യം. വെടിവയ്ക്കണം എന്ന ആവശ്യവുമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം എന്ന് അഭിഭാഷകൻ വാദിച്ചു. എന്നാല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി, കേസ് പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റി. കേന്ദ്രസ‍ര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ ഇപ്പോൾ കേസെടുക്കില്ല.
 

Follow Us:
Download App:
  • android
  • ios