ദില്ലി: പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്ന ഭീഷണിയുമായി ബിജപി നേതാവ് കപിൽ മിശ്ര. ജാഫ്രാബാദിലേയും ചാന്ദ് ബാഗിലേയും റോഡുകളിൽ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന‌ാണ് ദില്ലി പൊലീസിനോട് കപില്‍ മിശ്രയുടെ ഭീഷണി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ തങ്ങള്‍ സംയമനം പാലിക്കുമെന്നും പിന്നാലെ സമരക്കാരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങുമെന്നുമാണ് മിശ്രയുടെ വാക്കുകള്‍. കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു.

'പൊലീസിന് ഞാന്‍ മൂന്ന് ദിവസത്തെ സമയം നൽകുകയാണ്. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കിൽ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങും. മൂന്ന് ദിവസം കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ നിന്ന് മടങ്ങിപ്പോകും. അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും. അതിന് ശേഷം അനുനയ നീക്കവുമായി പൊലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ല'- കപില്‍ മിശ്ര പറഞ്ഞു.

സംഘര്‍ഷമുണ്ടാകുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പ്, ജനങ്ങളോട് സംഘടിച്ച് ജാഫ്രാബാദിന് മറുപടി നല്‍കാന്‍ കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരുന്നു. ജാഫ്രാബാദിന് ഉത്തരം നൽകാൻ എല്ലാവരും ഒത്തുകൂടണമെന്നായിരുന്നു  കപിൽ മിശ്രയുടെ ട്വീറ്റ്. പൗരത്വ നിയമ ഭേദ​ഗതിയെ പിന്തുണച്ച് ഞങ്ങൾ എല്ലാവരും ഒത്തുകൂടുന്നു. നിങ്ങളെയും ക്ഷണിക്കുന്നു എന്നായിരുന്നു മിശ്രയുടെ ട്വീറ്റ്. ജഫ്രാബാദിനെ മറ്റൊരു ഷഹീൻബാ​ഗ് ആക്കി മാറ്റാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.