ദില്ലി: കേരളത്തിലെ വോട്ടർമാർ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്നുള്ള രാഹുല്‍ ഗാന്ധി പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. വോട്ടർമാർ ബുദ്ധിയുള്ളവരാണെന്നും അവരുടെ ബുദ്ധി പരീക്ഷിക്കരുതെന്നും കപില്‍ സിബല്‍ പറഞ്ഞു.

വോട്ടർമാരുടെ വിവേകത്തെ ബഹുമാനിക്കണം.  അവർ എവിടെയുള്ളവരെന്നതല്ല കാര്യമെന്നും കപിൽ സിബൽ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വോട്ടർമാർ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇത് ദേശീയ തലത്തില്‍ ബിജെപി വിവാദമാക്കി മാറ്റിയ സാഹചര്യത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ രാഹുലിനെതിരെ വിമര്‍ശനം ഉയരുന്നത്.

ഇന്ത്യയെ വെട്ടിമുറിച്ച് വടക്കേ, തെക്കേ ഇന്ത്യകളെന്ന് വേർതിരിക്കാനുള്ള ശ്രമമാണ് രാഹുലിന്റേതെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇന്ത്യയെ വെട്ടിമുറിക്കാൻ രാഹുൽ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു. വടക്കേ ഇന്ത്യക്കാരെ അവഹേളിച്ചെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും രാഹുൽ വ‍ർഗീയവിഷം ചീറ്റുന്നുവെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദയുമടക്കം പ്രതികരിച്ചു.

അമേഠിയിലെ എംപിയായിരുന്നു രാഹുൽ ഗാന്ധിക്ക് വടക്കേ ഇന്ത്യയിലെ ജനങ്ങളോട് നന്ദിവേണമെന്ന് സ്മൃതി ഇറാനിയും പ്രതികരിച്ചു. വടക്കേ ഇന്ത്യയുടേയും തെക്കേ ഇന്ത്യയുടേയും രാഷ്ട്രീയത്തെ താരതമ്യം ചെയ്ത് രാഹുൽ സംസാരിച്ചത് വടക്കെ ഇന്ത്യയെ അപമാനിക്കലാണെന്നാണ് ബിജെപി ഉയർത്തിക്കാട്ടുന്നത്.

ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു തിരിച്ച് വരവിന് കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് രാഹുലിന്റെ പ്രസ്താവന വിവാദമാക്കി പ്രചാരണം നടത്താനുള്ള ബിജെപി ശ്രമം തുടങ്ങിയിരിക്കുന്നത്.