വട്ടല്‍ നാഗരാജിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ കന്നട ചലുവാലി വട്ടല്‍ പക്ഷയുടെ (കെ.സി.വി.പി) നേതൃത്വത്തില്‍ നിരവധി കന്നട അനുകൂല സംഘടനകളുടെ പിന്തുണയോടെയാണ് നാളെ കര്‍ണാടക ബന്ദ് നടത്തുന്നത്

ബെംഗളൂരു: കര്‍ണാടകയുടെ സമര ചരിത്രത്തില്‍ വ്യത്യസ്തവും വേറിട്ടതുമായ സമരങ്ങളുടെ ഒരു ഘോഷയാത്ര തന്നെ തീര്‍ത്ത രാഷ്ട്രീയ നേതാവാണ് വട്ടല്‍ നാഗരാജ്. കാവേരി നദീ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ സമരം ശക്തമായിരിക്കെ നാളെ നടക്കാനിരിക്കുന്ന കര്‍ണാടക ബന്ദിന് നേതൃത്വം നല്‍കുന്നതും 80വയസുപിന്നിട്ട ഈ രാഷ്ട്രീയ നേതാവാണ്. വട്ടല്‍ നാഗരാജിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ കന്നട ചലുവാലി വട്ടല്‍ പക്ഷയുടെ (കെ.സി.വി.പി) നേതൃത്വത്തില്‍ നിരവധി കന്നട അനുകൂല സംഘടനകളുടെ പിന്തുണയോടെയാണ് നാളെ കര്‍ണാടക ബന്ദ് നടത്തുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ ബന്ദിനെ പിന്തുണക്കാതെയാണ് വട്ടല്‍ നാഗരാജ് കര്‍ണാടക ബന്ദിന് ആഹ്വാനം ചെയ്തത്. കാവേരി നദീ ജലം വിട്ടുകൊടുക്കുന്നതിനെതിരെ കന്നട അനുകൂല സംഘടനകള്‍ നാളെ നടത്തുന്ന കര്‍ണാടക ബന്ദില്‍ എന്തു വ്യത്യസ്ത സമരരീതിയുമായിട്ടായിരിക്കും വട്ടല്‍ നാഗരാജും പ്രവര്‍ത്തകരും എത്തുകയെന്നാണെനി കണ്ടറിയേണ്ടത്.

റോഡിലേക്ക് കാളവണ്ടികളും പശുവിനെയും കഴുതകളെയുമൊക്കെ കൊണ്ടുവന്ന് വ്യത്യസ്തമായ പ്രതിഷേധത്തിലൂടെ അധികാരികളുടെ ഇടപെടല്‍ തേടുന്ന വട്ടാല്‍ നാഗരാജിന്‍റെ ജീവിതം തന്നെ സമരമാണ്. അഞ്ചു ദശാബ്ദത്തിലധികമായി പതിനായിരത്തിലധികം സമരങ്ങളിലാണ് വട്ടല്‍ നാഗരാജ് ഭാഗമായിട്ടുള്ളത്. ഇവയില്‍ ഭൂരിഭാഗം സമരങ്ങളും വേറിട്ടതായിരുന്നു. മൈസൂരു ജില്ലയിലെ വട്ടല സ്വദേശിയായ നാഗരാജ് 1964ല്‍ ബെംഗളൂരു കോര്‍പറേഷനിലെ കോര്‍പറേറ്ററായാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. 1989,94,2004 എന്നീ വര്‍ഷങ്ങളില്‍ ചാമരാജ്നഗര്‍ നിയമസഭ മണ്ഡലത്തില്‍നിന്നും എം.എല്‍.എയായി. 2009ല്‍ ബെംഗളൂരു സൗത്ത് ലോക്സഭ മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

കര്‍ണാടകയിലെ രാഷ്ട്രീയക്കാര്‍ക്കിടയിലെ ഒറ്റയാനാണ് വട്ടല്‍ നാഗരാജ്. കാവേരി വിഷയത്തില്‍ ഓരോ തവണ നാഗരാജ് സമരം നടത്തുമ്പോഴും സമരത്തിന്‍റെ വ്യത്യസ്തയും വൈകാരികതയും മൂലം കന്നടിഗരുടെ പിന്തുണ വലിയരീതിയില്‍ ലഭിക്കാറുണ്ട്. അതുപോലെ തന്നെ വട്ടല്‍ നാഗരാജിന്‍റെ സമരങ്ങള്‍ക്കെതിരെ പലതരത്തിലുള്ള വിമര്‍ശനങ്ങളും ഉയരാറുണ്ട്. കന്നട ഭാഷക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് പലപ്പോഴും വട്ടല്‍ നാഗരാജ് ഒരേ സമയം ശ്രദ്ധനേടുകയും വിമര്‍ശത്തിനിരയാകുകയും ചെയ്തിട്ടുള്ളത്. 1960കളില്‍ തെലുങ്ക് സിനിമകള്‍ കന്നടയിലേക്ക് മൊഴിമാറ്റുന്നതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് വട്ടല്‍ നാഗരാജ് ഉയര്‍ത്തിയത്. 1969ല്‍ മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീലിന്‍റെ രാജി ആവശ്യപ്പെട്ട് വട്ടല്‍ നാഗരാജ് പ്രതിഷേധിച്ചു. വട്ടല്‍ നാഗരാജിനെ തടയാന്‍ വിധാന്‍ സൗധയില്‍ വലിയ സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പര്‍ദ ധരിച്ച് രഹസ്യമായി വിധാന്‍ സൗധയിലെത്തി വട്ടല്‍ നാഗരാജ് പ്രതിഷേധിച്ചു. വ്യത്യസ്തമായ രീതിയിലുള്ള ഈ പ്രതിഷേധത്തെ വീരേന്ദ്ര പാട്ടീല്‍ പോലും അന്ന് അഭിനന്ദിച്ചിരുന്നു.

1996ല്‍ ബെംഗളൂരുവില്‍ മിസ് യൂനിവേഴ്സ് മത്സരം നടക്കുന്നതിനിടെ രാമായത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങലായ ശൂര്‍പണകയെയും മണ്ഡോദരിയെയും ഉള്‍പ്പെടെയുള്ളവരുടെ രൂപത്തില്‍ സ്ത്രീകളെ അണിനിരത്തിയാണ് വട്ടല്‍ നാഗരാജ് പ്രതിഷേധിച്ചത്.സൗന്ദര്യത്തിന് എതിരല്ലെങ്കിലും അതിന് അനാവശ്യമായി നല്‍കുന്ന പ്രധാന്യത്തിന് എതിരാണെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. 2009ല്‍ വാലന്‍റൈന്‍സ് ഡേ ആഘോഷിക്കുന്നവരെ ആക്രമിക്കുമെന്ന് തീവ്ര വലതു സംഘടനകള്‍ ആഹ്വാനം ചെയ്തപ്പോള്‍ കുതിരപ്പുറത്ത് അമ്പും വില്ലുമേന്തി എത്തിയാണ് വട്ടല്‍ നാഗരാജ് പ്രതിഷേധിച്ചത്. സ്നേഹത്തിനും നീതിക്കും വിലകല്‍പ്പിക്കുമെന്നും പ്രണയിക്കുന്നവര്‍ക്ക് താന്‍ സുരക്ഷ ഒരുക്കുമെന്നും പറഞ്ഞായിരുന്നു വട്ടല്‍ നാഗരാജിന്‍റെ അന്നത്തെ പ്രതിഷേധം. 2017ല്‍ കാവേരി വിഷയത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ കന്നട നടന്‍ സത്യരാജ് മാപ്പു പറഞ്ഞതും വട്ടല്‍ നാഗരാജിന്‍റെ മുന്നറിയിപ്പിനെതുടര്‍ന്നാണ്. മാപ്പു പറഞ്ഞില്ലെങ്കില്‍ ബാഹുബലി സിനിമയുടെ പ്രദര്‍ശനം തടയുമെന്നായിരുന്നു മുന്നറിയിപ്പ്. 2016ല്‍ രജനീകാന്തിന്‍റെ കബാലി സിനിമ കര്‍ണാടകയില്‍ റീലിസ് ചെയ്യുന്നതിനെതിരെയും വട്ടല്‍ നാഗരാജ് പ്രതിഷേധിച്ചിരുന്നു. കര്‍ണാടകയിലെ പൗരന്മാര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ രാജ്യോത്സവ പുരസ്കാരത്തിന്‍റെ മാതൃകയില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് പുരസ്കാരം നല്‍കിയ വട്ടല്‍ നാഗരാജ് രീതിയും ചര്‍ച്ചയായിരുന്നു. 

കാളവണ്ടിയിലും കഴുതപ്പുറത്തേറിയും ചെരുപ്പുമാല അണിഞ്ഞുമെല്ലാം വട്ടല്‍ നാഗരാജ് ബെംഗളൂരുവില്‍ നടത്തിയ സമരങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. ഇന്ധന വിലവര്‍ധനവിനെതിരെ വിധാന്‍ സൗധയിലേക്ക് കാളവണ്ടിയിലെത്തിയാണ് വട്ടല്‍ നാഗരാജ് പ്രതിഷേധിച്ചത്. കാവേരി നദീ ജല തര്‍ക്കം, കന്നടിഗര്‍ക്ക് ജോലിയിലുള്ള സംവരണം, അന്യഭാഷ ചിത്രങ്ങളുടെ പ്രദര്‍ശനം കര്‍ണാടകയില്‍ നിരോധിക്കുക തുടങ്ങിയ വിഷയങ്ങളിലെല്ലാം വേറിട്ട പ്രതിഷേധവുമായി വട്ടല്‍ നാഗരാജ് മുന്നിലുണ്ടാകും. കര്‍ണാടകയിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് തന്‍റെ പോരാട്ടമെന്നും കന്നടയെ സംരക്ഷിക്കാനും കന്നടിഗരുടെ പ്രശ്നങ്ങള്‍ക്കായി പോരാടാനുമാണ് തന്‍റെ ജീവിതമെന്നുമാണ് കന്നട മാത്രം സംസാരിക്കുന്ന വട്ടല്‍ നാഗരാജ് പറയുന്നത്. അണക്കെട്ടുകളില്‍ വെള്ളം നിറയുന്നതുവരെ കാവേരി നദീ ജലത്തില്‍നിന്നും ഒരു തുള്ളിപോലും വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി സിദ്ദരാമയ്യയോട് പറയാനുള്ളതെന്നും വട്ടാല്‍ നാഗരാജ് പറഞ്ഞു. നിലനില്‍പ്പിന്‍റെ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞ് ഓരോ കന്നടിഗനും നാളത്തെ ബന്ദിനെ പിന്തുണക്കുമെന്നും വട്ടല്‍ നാഗരാജ് പറഞ്ഞു.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് #Asianetnews