2018-ൽ തോറ്റതോടെയാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്.ഇത്തവണ ബിജെപി ടിക്കറ്റ് കിട്ടില്ലെന്നായപ്പോഴാണ് കോൺഗ്രസിലേക്ക് തിരിച്ച് വരാൻ തീരുമാനിച്ചത്
ബംഗളൂരു:2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ കലബുറഗി മണ്ഡലത്തിൽ തോൽപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു. ബിജെപി എംഎൽസിയായ ബാബുറാവു ചിൻചൻസുർ ആണ് ഇന്നലെ രാത്രി പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന്‍റെ വസതിയിൽ വച്ച് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. 2018 വരെ കോൺഗ്രസിലായിരുന്നു കോലി-കബ്ബലിഗ സമുദായനേതാവും ബിജെപി എംഎൽസിയുമായ ബാബുറാവു ചിൻചൻസുർ. 2008 മുതൽ 2018 വരെ ഗുർമിത് കൽ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ചു. ഇടക്കാലത്ത് സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിയുമായി. 2018-ൽ മണ്ഡലത്തിൽ നിന്ന് തോറ്റതോടെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി. അവിടെ നിന്ന് എംഎൽസിയായി.
കല്യാണ കർണാടക മേഖലയിലെ പ്രമുഖ ഒബിസി സമുദായമായ കോലി-കബ്ബലിഗ വിഭാഗത്തിനിടയിൽ നിർണായക സ്വാധീനമുള്ള ചിൻചൻസുർ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയ്ക്ക് എതിരെ പ്രവർത്തിച്ചു. മണ്ഡലത്തിൽ ഖർഗെയുടെ തോൽവി ഉറപ്പാക്കി. ഇപ്പോൾ ഗുർമിത് കൽ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റ് കിട്ടില്ലെന്നായപ്പോഴാണ് കോൺഗ്രസിലേക്ക് തിരിച്ച് വരാൻ തീരുമാനിച്ചത്. ചിൻചൻസുറിന് കോൺഗ്രസ് സീറ്റ് ഉറപ്പാണ്. മല്ലികാർജുൻ ഖർഗെയ്ക്ക് അടക്കം ചിൻചൻസുറിന്‍റെ തിരിച്ച് വരവിൽ അതൃപ്തിയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് അത് പുറത്തു കാണിക്കില്ലെന്നുറപ്പാണ്. കല്യാണ കർണാടക മേഖലയിൽ കോൺഗ്രസിന് 25 സീറ്റ് ഉറപ്പാക്കുമെന്ന് പാർട്ടിയിൽ ചേർന്ന ശേഷം ചിൻചൻസുർ പറഞ്ഞു.
