കർണാടകയിലെ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ചില ബിജെപി എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തെന്ന ആരോപണത്തിൽ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചു. സത്യം പുറത്തുകൊണ്ടുവരാൻ എംഎൽഎമാരെ ധർമ്മസ്ഥല ക്ഷേത്രത്തിൽ കൊണ്ടുപോയി സത്യം ചെയ്യിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം.
ബെംഗളൂരു: കർണാടകയിലെ നിയമസഭാ കൗൺസിൽ (എംഎൽസി) തെരഞ്ഞെടുപ്പിൽ ചില ബിജെപി എംഎൽഎമാർ കൂറുമാറി കോണ്‍ഗ്രസിന് വോട്ട് ചെയ്തെന്ന ആരോപണത്തിൽ അന്വേഷണം. യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാൻ ധർമ്മസ്ഥലയിൽ നിയമസഭാ കക്ഷി യോഗം വിളിച്ചു ചേർക്കുമെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ ധർമ്മസ്ഥല മഞ്ജുനാഥ സ്വാമിയുടെ മുന്നിൽ വെച്ച് എംഎൽഎമാരോട് സത്യം ചെയ്യാൻ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. കൂറുമാറി വോട്ട് ചെയ്ത നടപടിയെ വഞ്ചന എന്നാണ് വിജയേന്ദ്ര വിശേഷിപ്പിച്ചത്. ദൈവത്തിൽ വിശ്വസിക്കുന്നവരാണെന്നും അതുകൊണ്ടുതന്നെ വിശുദ്ധ നഗരമായ ധർമ്മസ്ഥലയിൽ വെച്ച് നിയമസഭാ കക്ഷി യോഗം ചേരുമ്പോൾ സത്യം പുറത്തുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലെ നേത്രാവതി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന 800 വർഷത്തെ പഴക്കമുള്ള പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ധർമ്മസ്ഥല. മഞ്ജുനാഥ സ്വാമിയുടെ (ശിവൻ) മുന്നിൽ വെച്ച് കള്ളം പറയുന്നവർക്ക് അതിന്‍റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് വിശ്വാസം.
എംഎൽസി തെരഞ്ഞെടുപ്പിൽ കുറഞ്ഞത് നാല് ബിജെപി എംഎൽഎമാരെങ്കിലും കൂറുമാറി വോട്ട് ചെയ്തെന്നാണ് റിപ്പോർട്ട്. ഇത് പാർട്ടിയിലെ ആകെയുള്ള 63 എംഎൽഎമാരെയും സംശയത്തിന്റെ നിഴലിൽ ആക്കിയിരിക്കുകയാണ്. ഈ സംഭവം ബിജെപി പ്രവർത്തകർക്കിടയിൽ വലിയ അമർഷത്തിനും നിരാശക്കും കാരണമായിട്ടുണ്ടെന്ന് വിജയേന്ദ്ര പറഞ്ഞു. ജനങ്ങളുടെ പിന്തുണയോടെയും പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തിലൂടെയും വിജയിച്ച എംഎൽഎമാരുടെ ഇത്തരം വഞ്ചനാപരമായ നിലപാടുകൾക്ക് അറുതി വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോപണവിധേയരായ എംഎൽഎമാർ എത്ര മുതിർന്ന നേതാക്കളായാലും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പാർട്ടി അധ്യക്ഷൻ വ്യക്തമാക്കി. വോട്ട് ചോർച്ചയെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ബിജെപി ഇതിനകം തന്നെ വസ്തുതാന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. മുതിർന്ന നേതാക്കളായ സി ടി രവി, മഹേഷ് തെങ്കിനകായ്, എൻ മഹേഷ് എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങൾ. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ബിജെപി ദേശീയ നേതൃത്വവുമായും വിജയേന്ദ്ര ചർച്ചകൾ നടത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആർ അശോകയ്ക്കൊപ്പം അദ്ദേഹം ഉടൻ തന്നെ ദില്ലിയിലെത്തി ദേശീയ നേതൃത്വത്തെ കാണും. ഇതിനോടകം തന്നെ കർണാടകയിലെ മുതിർന്ന നേതാക്കളെ ബിജെപി ഹൈക്കമാൻഡ് ദില്ലിയിലേക്ക് അടിയന്തരമായി വിളിപ്പിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ അശോക, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള രാധാ മോഹൻ ദാസ് അഗർവാൾ എന്നിവർ കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.
ചോർന്നത് ബിജെപിയുടെയും ജെഡിഎസിന്‍റെയും വോട്ടുകൾ
ഏഴ് സീറ്റുകളിലേക്ക് നടന്ന നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസ് അഞ്ച് സീറ്റുകൾ നേടിയതോടെയാണ് ഈ വിവാദങ്ങൾക്കെല്ലാം തുടക്കമായത്. ബിജെപിക്ക് രണ്ട് സീറ്റുകളാണ് ലഭിച്ചത്. അതേസമയം സഖ്യകക്ഷിയായ ജെഡിഎസിന് മത്സരിച്ച ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. വോട്ടിംഗ് നില പരിശോധിച്ചപ്പോഴാണ് പ്രതിപക്ഷ നിരയിൽ നിന്ന് വ്യാപകമായി വോട്ട് ചോർന്നതായി വ്യക്തമായത്. 140 വോട്ടുകൾ പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ആകെ 151 വോട്ടുകൾ ലഭിച്ചു.
ബിജെപിക്ക് 64 എംഎൽഎമാരുണ്ടായിരുന്നിട്ടും അവരുടെ രണ്ട് സ്ഥാനാർത്ഥികൾക്ക് കൂടി ആകെ 56 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 18 എംഎൽഎമാരുള്ള ജെഡിഎസ് സ്ഥാനാർത്ഥിക്ക് ലഭിച്ചതാകട്ടെ 14 വോട്ടുകൾ മാത്രമാണ്. രഹസ്യ ബാലറ്റ് സമ്പ്രദായമായതിനാൽ ആരെല്ലാമാണ് കൂറുമാറിയതെന്ന് കൃത്യമായി കണ്ടെത്തുക പ്രയാസമാണെന്നും അതുകൊണ്ടാണ് എല്ലാ എംഎൽഎമാരും ഇപ്പോൾ സംശയത്തിന്റെ നിഴലിലായതെന്നും വിജയേന്ദ്ര പറഞ്ഞു. അതുകൊണ്ട് പാർട്ടി അന്വേഷണം പൂർത്തിയാക്കി അണികളുടെ ആശങ്ക പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
