ബംഗളൂരു: കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായാൽ, സർക്കാരുണ്ടാക്കുന്ന കാര്യത്തിൽ കോൺഗ്രസിലും ജെഡിഎസിലും ആശയക്കുഴപ്പം. ബിജെപിയെ പുറത്തുനിന്ന് പിന്തുണച്ചേക്കുമെന്ന നിലപാട് മയപ്പെടുത്തുകയാണ് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.

ഇടക്കാല തെരഞ്ഞെടുപ്പാണോ പുതിയ സർക്കാരാണോ വേണ്ടതെന്ന് കോൺഗ്രസിൽ ഏകാഭിപ്രായമില്ല. ഡിസംബർ അഞ്ചിനാണ് കർണാടകത്തിൽ 15 മണ്ഡലങ്ങളിൽ നിർണായക ഉപതെരഞ്ഞെടുപ്പ് നടക്കുക. കുറഞ്ഞത് ആറെണ്ണം ജയിച്ചാൽ മാത്രം യെദ്യൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടാകും.

രാഷ്ട്രീയ പ്രതിസന്ധിക്ക് അയവുമുണ്ടാകും. ആറില്ല ബിജെപിക്കെങ്കിൽ എന്നതാണ് പ്രചാരണവേദികളിലെ വലിയ ചോദ്യം. ബിജെപിയെ മാറ്റിനിർത്തുന്ന മഹാരാഷ്ട്രയിലെ സഖ്യപരീക്ഷണം, ജെഡിഎസുമായി വീണ്ടും ചേരാൻ കോൺഗ്രസിന് ആവേശമാകുമോ എന്ന ചോദ്യവും സംസ്ഥാനത്തെ രാഷ്ട്രീയ ചൂടേറ്റുന്നു.

ദൾ സഖ്യത്തെ കോൺഗ്രസിലെ സിദ്ധരാമയ്യ വിഭാഗം ശക്തമായി എതിർക്കുന്നുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പാണ് ഇവരുടെ ലക്ഷ്യം. എന്നാൽ ഡി കെ ശിവകുമാർ ഉൾപ്പെടെയുളളവർക്കുളളത് ജെഡിഎസിനൊപ്പം സർക്കാരുണ്ടാക്കണമെന്ന വികാരമാണ്. നിലനിൽപ്പിന്‍റെ പ്രശ്നമാണ് ജെഡിഎസിന്.

ഇനി കോൺഗ്രസ് സഖ്യമില്ലെന്നും ബിജെപി സർക്കാർ കാലാവധി തികയ്ക്കണമെന്നുമായിരുന്നു ദൾ വാദം. എന്നാൽ ഉപതെരഞ്ഞെടുപ്പ് വേദികളിൽ കുമാരസ്വാമി ഇത് ആവർത്തിക്കുന്നില്ല. ഒരു വിഭാഗം ദൾ നേതാക്കൾ ബിജെപി അനുകൂല നിലപാടിലാണ്. കോൺഗ്രസിനെ വീണ്ടും പിന്തുണച്ചാൽ പിളർപ്പ് ദേവഗൗഡ മുന്നിൽ കാണുന്നു. തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഹൈക്കമാന്‍റിന്‍റെ പ്രതികരണം അനുസരിച്ചാകും ഗൗഡയുടെ തീരുമാനം.