ബെംഗളുരു: മുഖ്യമന്ത്രിയായി മൂന്നാഴ്ചത്തെ 'ഏകാന്തവാസം'. മന്ത്രിമാരില്ല. ഒടുവിൽ കർണാടക മന്ത്രിസഭ വികസിപ്പിച്ചു. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഉൾപ്പടെ 17 മന്ത്രിമാരുമായി പുതിയ മന്ത്രിസഭ. 

ബിജെപി നേതാവും ചിക്കനായകനഹള്ളി എംഎൽഎയുമായ മധു സ്വാമി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോഴായിരുന്നു തമാശ. ''കർണാടക രാജ്യത മുഖ്യമന്ത്രിയാകി'' (കർണാടക സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി) എന്നാണ് മധു സ്വാമി ആദ്യം സത്യവാചകം ചൊല്ലിയത്. അമളി മനസ്സിലായ ഉടനെത്തന്നെ തിരുത്തി ''സോറി, മന്ത്രിയാകി'', എന്ന് പറഞ്ഞ് മധുസ്വാമി സത്യപ്രതിജ്ഞ പൂർത്തിയാക്കുകയും ചെയ്തു. 

സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ മുൻനിരയിൽത്തന്നെ ഉണ്ടായിരുന്ന ബി എസ് യെദിയൂരപ്പയാകട്ടെ, ഇതിൽ പ്രത്യേകിച്ച് രോഷമൊന്നും പ്രകടിപ്പിച്ചില്ല. മാത്രമല്ല, മധുസ്വാമിയെ ചിരിച്ച് ആലിംഗനം ചെയ്യുകയും ചെയ്തു. 

കഴിഞ്ഞ മൂന്നാഴ്ചയായി സർക്കാർ അധികാരമേറ്റതിന് ശേഷം, യെദിയൂരപ്പ സ്വന്തം മന്ത്രിസഭ വികസിപ്പിച്ചിരുന്നില്ല. ഒറ്റ മന്ത്രി പോലുമില്ലാതെ, ഒറ്റയാൾ മുഖ്യമന്ത്രിയായിരുന്നു യെദിയൂരപ്പ. ഇതാണോ ബിജെപി വാഗ്ദാനം ചെയ്ത ''മിനിമം ഗവേർണൻസ്?'', എന്ന് ചോദിച്ച് കോൺഗ്രസ് പരിഹസിക്കുകയും ചെയ്തിരുന്നു. 

പുതിയ മന്ത്രിസഭയിലിടം നേടിയവരിൽ മുൻ മുഖ്യമന്ത്രിമാരും വിവാദനായകൻമാരുമുണ്ട്. നിരവധി ഖനന അഴിമതിക്കേസുകളിൽ പ്രതികളായ ബെല്ലാരി സഹോദരൻമാരുമായി അടുത്ത ബന്ധമുള്ള ബി ശ്രീരാമുലു, കടുത്ത തീവ്ര ഹിന്ദുവാദിയായ സി ടി രവി, മുൻ ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ എസ് ഈശ്വരപ്പ, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ എന്നിവരും, നിയമസഭയിലിരുന്ന് പോൺ വീഡിയോ കണ്ടതിന്‍റെ പേരിൽ രാജി വയ്‍ക്കേണ്ടി വന്ന, ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും മന്ത്രിസഭയിലുണ്ട്. 

കൂടുതൽ വായിക്കാം: യെദ്യൂരപ്പയുടെ മന്ത്രിസഭയിലേക്ക് എത്തിയവരില്‍ നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട നേതാക്കളും

നിപ്പാനി എംഎൽഎയായ ജൊല്ലെ ശശികല അന്നാസാഹെബ് മാത്രമാണ് ഇത്തവണ മന്ത്രിസഭയിലിടം പിടിച്ച വനിത.  മുൻമന്ത്രിമാരായ ആർ അശോക്, സുരേഷ് കുമാർ, ബസവരാജ് ബൊമ്മൈ എന്നിവരും മന്ത്രിസഭയിലുണ്ട്. 

മന്ത്രിസഭാ വികസനത്തിനായി ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ അനുമതി കാത്തിരിക്കുകയായിരുന്നു ബി എസ് യെദ്യൂരപ്പ. അമിത് ഷായെ കണ്ടപ്പോൾ, ആദ്യം പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ശേഷം മതി മറ്റ് നടപടികൾ എന്നായിരുന്നു ഷാ യെദിയൂരപ്പയ്ക്ക് നൽകിയ നിർദേശം. 

ചില മന്ത്രിസഭാ സീറ്റുകൾ ഒഴിച്ചിട്ടിരിക്കുകയാണ്. തുലാസ്സിൽ നിൽക്കുന്ന കർണാടകയിൽ ഭരണം നിലനിർത്താൻ ആ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ സഹായകമാകുമെന്ന് യെദിയൂരപ്പയ്ക്ക് അറിയാം. ആ മന്ത്രിപദവി വച്ച് വിലപേശി, പാർട്ടി വിട്ട കോൺഗ്രസ്, ജനതാദൾ എംഎൽഎമാരെ കൂടെ നിർത്താൻ യെദിയൂരപ്പയ്ക്ക് കഴിയും. 

അതേസമയം, പാർട്ടിക്കുള്ളിൽത്തന്നെ അതൃപ്തി പുകയുന്നുണ്ട്. ചിത്രദുർഗ എംഎൽഎ തിപ്പ റെഡ്ഡി, തനിക്ക് മന്ത്രിപദവി തരേണ്ടതായിരുന്നുവെന്ന് തുറന്ന പ്രസ്താവന നടത്തിക്കഴിഞ്ഞു. ''1969 മുതൽ ഞാൻ രാഷ്ട്രീയത്തിലുണ്ട്. ഈ മണ്ഡലത്തിൽ നിന്ന് ഞാൻ ജയിച്ചത് ആറ് തവണയാണ്. ആദ്യം സ്വതന്ത്രനായും പിന്നെ ബിജെപി സ്ഥാനാർത്ഥിയാകും. എന്‍റെ ജില്ലയിൽ നിന്ന് തന്നെ ഇതുവരെയും ഒരു മന്ത്രിയുണ്ടായിട്ടില്ല. ബെംഗളുരുവിലെത്തി, എല്ലാ മുതിർന്ന നേതാക്കളെയും മതേതര നേതാക്കളെയും കാണാനാണ് എന്‍റെ തീരുമാനം'', തിപ്പ പറഞ്ഞു.