ഇതുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും വീണ്ടും ദില്ലിക്ക് പോകും

ബെംഗളൂരു: മുഖ്യമന്ത്രിയുമായി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറിനെയും നിശ്ചയിച്ചിട്ടും കർണാടകത്തിലെ കോൺഗ്രസിൽ ചർച്ച തീർന്നില്ല. മന്ത്രിസഭാ രൂപീകരണ ചർച്ചയും ദില്ലിയിൽ നടക്കുമെന്നാണ് ഇപ്പോൾ വരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും വീണ്ടും ദില്ലിക്ക് പോകും. ഇരുവരും നാളെ ദില്ലിയിലേക്ക് പോവുമെന്നാണ് വിവരം. ഹൈക്കമാൻഡുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

മറ്റന്നാളാണ് സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് നടന്ന നാല് ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് സാമുദായിക പരിഗണനകളടക്കം മുഖവിലക്കെടുത്ത് പുതിയ മന്ത്രിസഭാ ചർച്ചകൾ ആരംഭിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ ഡികെ ശിവകുമാർ പിസിസി പ്രസിഡന്റായി തുടരാനാണ് കോൺഗ്രസ് നേതൃത്വം ഇപ്പോഴുണ്ടാക്കിയ ധാരണ. രണ്ടരവര്‍ഷം വീതമുള്ള ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രി - ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ കൈമാറും. ഉപമുഖ്യമന്ത്രിപദത്തിന് പുറമെ ആഭ്യന്തരം, ഊര്‍ജ്ജം, ജലശക്തിയടക്കം നിര്‍ണ്ണായക വകുപ്പുകളും ഡികെ ശിവകുമാറിന് നൽകും. ടേം വ്യവസ്ഥയടക്കം കാര്യങ്ങൾ കോൺഗ്രസ് നേതൃത്വം പരസ്യപ്പെടുത്തിയിട്ടില്ല. 

അതിനിടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിജെപി ഇതര മുഖ്യമന്ത്രിമാരെ കോൺഗ്രസ് നേതൃത്വം ക്ഷണിച്ചു. എന്നാൽ ഇതിൽ നിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആംആദ്മി പാർട്ടി മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് സിങ് മൻ, ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എന്നിവരെ ഒഴിവാക്കി. അതേസമയം സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയെയും സിപിഐ ദേശീയ സെക്രട്ടറി ഡി രാജയെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ക്ഷണിച്ചിട്ടുണ്ട്.

കോൺഗ്രസ്‌ മുഖ്യമന്ത്രിമാർക്ക് പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരെയാണ് കോൺഗ്രസ് നേതൃത്വം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള, എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.