ആഗോള മദ്യവിപണി പ്രതിസന്ധി നേരിടുമ്പോള്‍, റെഡി-ടു-ഡ്രിങ്ക് (ആര്‍ടിഡി) കോക്ടെയ്ലുകള്‍ വന്‍ വളര്‍ച്ച നേടുകയാണ്. എളുപ്പത്തില്‍ ഉപയോഗിക്കാമെന്നതും കുറഞ്ഞ ആല്‍ക്കഹോള്‍ അളവുമാണ് ഇവയെ ജനപ്രിയമാക്കുന്നത്. ഇത് മദ്യപാനത്തില്‍ മിതത്വം ആഗ്രഹിക്കുന്നവര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

ആഗോള മദ്യവിപണി മൊത്തത്തില്‍ ഒരു വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ ഈ തളര്‍ച്ചയ്ക്കിടയിലും വന്‍ കുതിച്ചുചാട്ടം നടത്തുന്ന ഒന്നാണ് കാനുകളിലും ചെറിയ കുപ്പികളിലും റെഡിയായി ലഭിക്കുന്ന 'റെഡി ടു ഡ്രിങ്ക്' കോക്ടെയ്ലുകള്‍. എളുപ്പത്തില്‍ ഉപയോഗിക്കാം എന്നതും ആല്‍ക്കഹോളിന്റെ അളവ് കുറവാണെന്നതുമാണ് ഇവയെ ജനപ്രിയമാക്കുന്നത്. കോവിഡ് കാലത്തെ ഒരു താല്‍ക്കാലിക ട്രെന്‍ഡ് എന്നതിനപ്പുറം 2026-ല്‍ വലിയൊരു ബിസിനസ്സ് വിപണിയായി ഇത് മാറിക്കഴിഞ്ഞു. ആളുകള്‍ക്ക് ഇപ്പോഴും കോക്ടെയ്ലുകള്‍ വേണം, പക്ഷേ വലിയ പണച്ചെലവോ കഷ്ടപ്പാടോ ഇല്ലാതെ, കുറഞ്ഞ അളവില്‍ മദ്യം അടങ്ങിയവ വേണമെന്ന ചിന്തയാണ് ഇതിന് പിന്നില്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിപണിയെ ഞെട്ടിച്ച കണക്കുകള്‍

മറ്റ് മദ്യവില്‍പ്പനകള്‍ ഇടിയുമ്പോള്‍ കോക്ടെയ്ല്‍ കാനുകളുടെ വില്‍പ്പന കുതിച്ചുയരുകയാണ്. ഡിസ്‌കസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025-ല്‍ യുഎസിലെ ആകെ സ്പിരിറ്റ്‌സ് വില്‍പ്പന 2.2% ഇടിഞ്ഞ് 36.4 ബില്യണ്‍ ഡോളര്‍ ആയി കുറഞ്ഞു. എന്നാല്‍ ഇതേ സമയത്ത് പ്രീ- മിക്‌സ്ഡ് കോക്ടെയ്ലുകളുടെ വില്‍പ്പന 16.4% വര്‍ദ്ധിച്ച് 3.8 ബില്യണ്‍ ഡോളറില്‍ എത്തി. മദ്യവിപണിയില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ഒരേയൊരു വിഭാഗം ഇതാണെന്ന് 'ദി സ്പിരിറ്റ്‌സ് ബിസിനസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ഐക്യു കണക്കുകള്‍ പ്രകാരം 2025 പകുതിയോടെ റെഡി- ടു- ഡ്രിങ്ക് വിപണി 13.9 ബില്യണ്‍ ഡോളറിന്റെ ബിസിനസ്സായി വളര്‍ന്നു. ഇത് ആകെ മദ്യവില്‍പ്പനയുടെ 12.5% വരും.

എന്താണ് ഈ ആര്‍ടിഡി?

നേരത്തെ തന്നെ കൃത്യമായ അളവില്‍ മദ്യവും മറ്റ് ചേരുവകളും ചേര്‍ത്ത് കാനുകളിലോ കുപ്പികളിലോ വില്‍ക്കുന്നവയാണ് റെഡി-ടു-ഡ്രിങ്ക് കോക്ടെയ്ലുകള്‍. മാര്‍ഗരിറ്റ, വോഡ്ക സോഡ, റാന്‍ഞ്ച് വാട്ടര്‍, സ്പ്രിറ്റ്‌സ്, ഹാര്‍ഡ് ലെമണെയ്ഡ്, ടെക്വില സെല്‍റ്റ്സര്‍, എസ്പ്രസോ മാര്‍ട്ടിനി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. സാധാരണയായി ഒരു കോക്ടെയ്ല്‍ സ്വന്തമായി ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. നാരങ്ങ പിഴിയണം, ചേരുവകള്‍ അളന്നു ഒഴിക്കണം, ഷേക്കര്‍ കഴുകണം... അങ്ങനെ വലിയ പണിയാണ്. ഒരു ലളിതമായ മാര്‍ഗരിറ്റ ഉണ്ടാക്കാന്‍ പോലും ടെക്വില, ഓറഞ്ച് ലിക്വര്‍, നാരങ്ങ, മധുരം, ഐസ് എന്നിവയെല്ലാം വാങ്ങേണ്ടി വരും. എസ്പ്രസോ മാര്‍ട്ടിനിയാണെങ്കില്‍ അതിലും കൂടുതല്‍ പ്ലാനിങ് വേണം.

കോക്ടെയ്ലുകള്‍ ഈ കഷ്ടപ്പാടുകളെല്ലാം ഒഴിവാക്കുന്നു. യാത്രകളിലോ, ബീച്ചിലോ, പൂള്‍ പാര്‍ട്ടിയിലോ ഒക്കെ എളുപ്പത്തില്‍ കൊണ്ടുപോകാം. വലിയൊരു കുപ്പി മദ്യം വാങ്ങി പണം കളയാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ഇത്തരം ചെറിയ നാല് കാനുകളുടെ പാക്കറ്റുകള്‍ വാങ്ങി പരീക്ഷിക്കാം. ആളുകള്‍ ഇപ്പോള്‍ മദ്യപാനത്തില്‍ മിതത്വം പാലിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. പകല്‍ സമയങ്ങളിലോ ചെറിയ ഒത്തുചേരലുകളിലോ അമിതമായി ലഹരി വേണ്ടാത്തവര്‍ക്ക് ആണ് ആര്‍ടിഡിയോട് പ്രിയം കൂടുതല്‍.

നിയമപരമായ മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം