കർണാടകത്തിൽ കടിച്ച ആപ്പിൾ ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞു നൽകുന്ന മുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കനകപുരയിൽ നടന്ന പൊതുപരിപാടിയിലാണ് സംഭവം. മുഖ്യമന്ത്രിക്കെതിരെ വിമർശനം.
ബെംഗളൂരു: കടിച്ച ആപ്പിൾ ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞു നൽകുന്ന കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കനകപുരയിൽ നടന്ന പൊതുപരിപാടിയിലാണ് കടിച്ച ആപ്പിളിൻ്റെ ബാക്കി ഭാഗം മുഖ്യമന്ത്രി അനുയായികൾക്കിടയിലേക്ക് എറിഞ്ഞത്. ഡി കെ ശിവകുമാറിൻ്റെ പ്രവൃത്തി വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
കനകപുരയിലെ ഹൊരഹള്ളിയിൽ അനുയായികൾ ശിവകുമാറിന് വൻ സ്വീകരണം ഒരുക്കിയതിനിടെ ആണ് സംഭവം. ആപ്പിളും പൂക്കളും കൊണ്ട് തയ്യാറാക്കിയ വലിയ ഹാരം അണിയിച്ചതിന് പിന്നാലെയാണ് ഡി കെ ശിവകുമാറിൻ്റെ പ്രവൃത്തി. ഹാരത്തിൽനിന്ന് ആപ്പിൾ അടർത്തിയെടുത്ത ശിവകുമാർ, ഒന്ന് കടിച്ച ശേഷം ആപ്പിളിൻ്റെ ബാക്കി ഭാഗം അനുയായികൾക്കിടയിലേക്ക് വലിച്ചെറിയുന്നത് വീഡിയോയിൽ കാണാം. ഇത് ചാടിപ്പിടിക്കാൻ ആളുകൾ കൈ ഉയർത്തിനിൽക്കുന്നതും വീഡിയോയിൽ ഉണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. താൻ ഒരു ദൈവമാണെന്നാണ് ഡി കെ ശിവകുമാർ വിചാരിച്ചിരിക്കുന്നതെന്ന് ഒരാൾ എക്സിലൂടെ വിമർശിച്ചു. ഇത് എത്ര വൃത്തികെട്ട പെരുമാറ്റമാണെന്ന് മറ്റൊരാൾ ചോദിച്ചു. രാജാവും അടിമകളും എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. വളരെ പരിതാപകരമെന്നും ഇതെന്തു പെരുമാറ്റമാണെന്നും മറ്റൊരാൾ ചോദിച്ചു.
മാസങ്ങൾ നീണ്ട അധികാര വടംവലിക്കൊടുവിൽ സിദ്ധരാമയ്യ വഴിമാറിയതോടെ ആണ് ഡി കെ ശിവകുമാർ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തിയത്. ജൂൺ മൂന്നിനാണ് ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ശിവകുമാറിനൊപ്പം 13 മന്ത്രിമാരും അധികാരമേറ്റു. അതേസമയം വകുപ്പ് വിഭജനം സംബന്ധിച്ച പ്രശ്നങ്ങൾ മന്ത്രിസഭയിൽ തുടരുന്നുവെന്ന സൂചനയുണ്ട്. നേരത്തെ വകുപ്പിനെ ചൊല്ലി മന്ത്രി രാമലിംഗ റെഡ്ഡി പൊട്ടിത്തെറിച്ചിരുന്നെങ്കിലും ശിവകുമാർ അനുനയിപ്പിച്ചിരുന്നു. മന്ത്രി കൃഷ്ണ ബൈര ഗൗഡ തനിക്ക് ലഭിച്ച ബെംഗളൂരു വികസന വകുപ്പ് ഏറ്റെടുക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്.


