മറുപടി പ്രസം​ഗത്തിനിടെ അദ്ദേഹം ബെം​ഗളൂരുവിലെ അതിവേ​ഗ ന​ഗരവൽക്കരണത്തെക്കുറിച്ചും ജനസംഖ്യാ വർധനവിനെക്കുറിച്ചും സംസാരിച്ചിരുന്നു. ഇതിനിടെയാണ് ബെം​ഗളൂരുവിലേക്ക് വരുന്ന ഒരു ഡസനോളം എംഎൽഎമാർ രണ്ടുവിവാഹം കഴിച്ചവരാണെന്നും ഇവർ ന​ഗരം വിട്ട് പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത്.

ബെം​ഗളൂരു: കർണാടകയിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ടുവിവാഹങ്ങൾ കഴിച്ചവരാണെന്ന മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പരാമർശം വിവാദത്തിൽ. കഴിഞ്ഞദിവസം നിയമസഭയിൽ സംസാരിക്കുന്നതിനിടെയാണ് ഡി കെ ശിവകുമാർ എംഎൽഎമാർക്കെതിരേ പരാമർശം നടത്തിയത്. ഇത് വിവാദമായതോടെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കെതിരേ രം​ഗത്തെത്തി.

വരൾച്ചയുമായി ബന്ധപ്പെട്ട ചർച്ചയിൽ നിയമസഭയിൽ മറുപടി നൽകുന്നതിനിടെയാണ് മുഖ്യമന്ത്രി വിവാദപരാമർശം നടത്തിയത്. മറുപടി പ്രസം​ഗത്തിനിടെ അദ്ദേഹം ബെം​ഗളൂരുവിലെ അതിവേ​ഗ ന​ഗരവൽക്കരണത്തെക്കുറിച്ചും ജനസംഖ്യാ വർധനവിനെക്കുറിച്ചും സംസാരിച്ചിരുന്നു. ഇതിനിടെയാണ് ബെം​ഗളൂരുവിലേക്ക് വരുന്ന ഒരു ഡസനോളം എംഎൽഎമാർ രണ്ടുവിവാഹം കഴിച്ചവരാണെന്നും ഇവർ ന​ഗരം വിട്ട് പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത്.

'കെംപെ​ഗൗഡ ബെം​ഗളൂരുവിനെ കെട്ടിപ്പടുത്തു. കെം​ഗാൾ ഹനുമന്തയ്യ വിധാൻ സൗധ നിർമിച്ചു. എസ് എം കൃഷ്ണ ബെം​ഗളൂരുവിനെ ഒരു അന്താരാഷ്ട്ര ന​ഗരമാക്കി. അതിനാൽ, ഈ ന​ഗരത്തിലേക്ക് വരുന്നവരാരും ഇവിടെനിന്ന് തിരികെപോകുന്നില്ല. നിങ്ങളടക്കം(എംഎൽഎമാർ) ഇവിടെ വരുന്നവരാരും തിരികെ പോകുന്നില്ല. നിങ്ങളിൽ ബെം​ഗളൂരു ന​ഗരത്തിലേക്ക് വരുന്നവരെല്ലാം രണ്ട് വിവാഹം കഴിക്കുന്നു. അത്തരത്തിൽ ഒരു ഡസനിലേറ പേരുണ്ട്. അവരുടെ പട്ടിക എനിക്ക് നൽകാനാകും. ദക്ഷിണ കന്നഡ, ധർവാഡ് ജില്ലകളിൽനിന്നുള്ള എംഎൽഎമാരുടെ പേരുകൾ എനിക്ക് പറയാം. പക്ഷേ, ഞാൻ അതിലേക്ക് കടക്കുന്നില്ല'- ഡി കെ ശിവകുമാർ പറഞ്ഞു. ബെം​ഗളൂരുവിലേക്ക് വരുന്ന അഭിഭാഷകർ പോലും സ്വന്തം നാടുകളിലേക്ക് തിരികെ പോകുന്നില്ലെന്നും ഇതുകൊണ്ടെല്ലാമാണ് ന​ഗരത്തിലെ ജനസംഖ്യ ഇതുപോലെ വർധിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ന​ഗരത്തിലെ ജനസംഖ്യ 47 ശതമാനമായി വർധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരേ പ്രതിപക്ഷ നേതാവ് ആർ അശോക ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രം​ഗത്തെത്തി. മുഖ്യമന്ത്രി നടത്തിയത് അനാവശ്യ പരാമർശമാണെന്നും രണ്ട് വിവാഹം കഴിച്ച എംഎൽഎമാരുടെ പേരുകൾ മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും ആർ അശോക ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ മറ്റുഭാ​ഗങ്ങളിൽനിന്ന് ബെം​ഗളൂരുവിലേക്ക് എത്തിയ എല്ലാ എംഎൽഎമാരെയും സംശയനിഴലിലാക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. അതിനാൽ അദ്ദേഹം ആ പേരുകൾ പുറത്തുവിടണമെന്നും അശോക പറഞ്ഞു.