ഇവര്‍ കറുത്ത കൊടി വീശി പ്രതിഷേധിക്കാൻ പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്നെത്താനിരിക്കെയാണ് പൊലീസ് നടപടി.
ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനത്തിനിടെ പ്രതിഷേധത്തിന് ഒരുങ്ങിയ കോൺഗ്രസ് കർഷക സംഘടന പ്രവർത്തകർ കരുതൽ കസ്റ്റഡിയിൽ. ഇവര്‍ കറുത്ത കൊടി വീശി പ്രതിഷേധിക്കാൻ പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്നെത്താനിരിക്കെയാണ് പൊലീസ് നടപടി.
ഇന്ന് ഉച്ചയോടെ കർണാടകയിലെത്തുന്ന മോദി വിവിധ സർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ പൂർണമായി ശീതീകരിച്ച റെയിൽവേ സ്റ്റേഷനായ ബായിപ്പനഹള്ളി സ്റ്റേഷന്റെ ഉദ്ഘാടനം മോദി നിർവ്വഹിക്കും. കൊങ്കൺ റെയിൽവേയുടെ വൈദ്യുതിവത്കരണം നൂറ് ശതമാനം പൂർത്തിയാകുന്നതോട് അനുബന്ധിച്ചുള്ള ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. ബെംഗ്ലൂരുവിലെ പുതിയ ടെക്നോളജി ഹബ്ബുകൾക്ക് തുടക്കം കുറിക്കും. ബെംഗ്ലൂരു സബർബൻ റെയിൽ പദ്ധതിക്കും തറക്കലിടും. അംബേദ്കർ യൂണിവേഴ്സിറ്റിയുടെ പുതിയ കോളേജും മോദി ഉദ്ഘാടനം ചെയ്യും. തുടർന്ന് അന്താരാഷ്ട്ര യോഗ ദിന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മൈസൂരുവിലേക്ക് തിരിക്കും. അഗ്നിപഥ് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പരിപാടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കർണാടകയിൽ പ്രധാനമന്ത്രിയുടെ ഇന്നത്തെ പരിപാടി
ഇന്ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി) ബെംഗളൂരു സന്ദര്‍ശിക്കും. അവിടെ അദ്ദേഹം സെന്റര്‍ ഫോര്‍ ബ്രെയിന്‍ റിസര്‍ച്ച് (സി.ബി.ആര്‍) ഉദ്ഘാടനം ചെയ്യുകയും ബാഗ്ചി-പാര്‍ത്ഥസാരഥി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ തറക്കല്ലിടുകയും ചെയ്യും. ശേഷം ബെംഗളൂരുവിലെ ഡോ. ബി ആര്‍ അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (ബേസ്) സന്ദര്‍ശിക്കും. ഇവിടെ പ്രധാനമന്ത്രി ബേസ് സര്‍വകലാശാലയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടനവും ഡോ. ബി ആര്‍ അംബേദ്കറുടെ പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിക്കും. കര്‍ണാടകയിലെ വ്യാവസായിക പരിശീലന സ്ഥാപനങ്ങളെ (ഐ.ടി.ഐ) രൂപാന്തരപ്പെടുത്തി വികസിപ്പിച്ച 150 സാങ്കേതിക ഹബ്ബുകളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും.
അതിനുശേഷം മൂന്ന് മണിയോടെ പ്രധാനമന്ത്രി ബെംഗളൂരുവിലെ കൊമ്മഘട്ടയില്‍ എത്തിച്ചേരും. ഇവിടെ 27000 കോടി രൂപ ചെലവു വരുന്ന വിവിധ റെയില്‍, റോഡ് പശ്ചാത്തലസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. തുടര്‍ന്ന് വൈകുന്നേരം മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതു പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ നാഗനഹള്ളി റെയില്‍വേ സ്‌റ്റേഷനില്‍ കോച്ചിംഗ് ടെര്‍മിനലിന്റെ തറക്കല്ലിടുകയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (എ.ഐ.ഐ.എസ്.എച്ച്) ആശയവിനിമയ വൈകല്യമുള്ളവര്‍ക്കുള്ള (കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്‌സ്) മികവിന്റെ കേന്ദ്രം രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. അതിനുശേഷം, രാത്രി 7 മണിയോടെ പ്രധാനമന്ത്രി മൈസൂരുവിലെ ശ്രീ സുത്തൂര്‍ മഠവും ഏകദേശം 7:45 ന് മൈസൂരുവിലെ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രവും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
