സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെ കർണാടകത്തിൽ ഡി.കെ. ശിവകുമാറിനെ പുതിയ നേതാവായി തിരഞ്ഞെടുക്കാൻ കോൺഗ്രസ് നിയമസഭ കക്ഷിയോഗം ചേരുന്നു.  

ബെംഗ്ളൂരു : സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതോടെ കർണാടകത്തിൽ നാളെ നിർണായക കോൺഗ്രസ് നിയമസഭ കക്ഷിയോഗം. ഡികെ ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും. തിങ്കളാഴ്ച വൈകീട്ടോടെ സത്യപ്രതിജ്ഞ നടത്താനാണ് നീക്കം. മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഉപമുഖ്യമന്ത്രിമാരും മാത്രമാകും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് സൂചന. 

പാർട്ടി ഒറ്റക്കെട്ടെന്ന് പുറമേക്ക് തോന്നിക്കാൻ ഹൈക്കമാൻഡ് ചരടുവലിക്കുമ്പോൾ നാളെ വൈകീട്ട് ചേരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സിദ്ധരാമയ്യ തന്നെയാകും തന്റെ പകരക്കരനായി ഡി.കെ.ശിവകുമാറിന്റെ പേര് നിർദേശിക്കുക. അതിന് മുന്നോടിയായി സമവായത്തിലെത്താനുള്ള തീവ്ര ശ്രമത്തിലാണ് നേതാക്കൾ. ഒപ്പം നിൽക്കുന്നവരെ പുതിയ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാൻ സിദ്ധരാമയ്യ കരുക്കൾ നീക്കുന്പോൾ തനിക്കൊപ്പം നിൽക്കുന്നവരുടെ പ്രധാന്യം ചോർന്നുപോകരുതെന്ന നിർബന്ധം ഡി.കെയ്ക്കുണ്ട്.

സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉണ്ടായിരുന്ന കെ.ജെ.ജോർജ്, പ്രിയങ്ക് ഖർ‍ഗെ, സതീഷ് ജാർക്കിഹോളി തുടങ്ങിയ 13 പേർ പുതിയ മന്ത്രിസഭയിലും സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. ശേഷിക്കുന്ന മന്ത്രി പദവി ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് എംഎൽഎമാർ. ഇന്നലെ ദില്ലിയിലെത്തിയ സിദ്ധരാമയ്യയ്ക്കും ഡി.കെയ്ക്കും ഒപ്പവും അല്ലാതെയും 17 പേർ ഇപ്പോൾ തന്നെ ദില്ലിയിലുണ്ട്. ഇതിനിടയിൽ സിദ്ധരാമയ്യ ഇന്ന് സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തി. സോണിയയുടെ വസതിയിലെത്തിയ സിദ്ധരാമയ്യയെ ആശ്ളേഷിച്ചാണ് രാഹുൽ സ്വീകരിച്ചത്.

സതീഷ് ജാർക്കിഹോളിയെ ഫോണിൽ വിളിച്ച കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും മന്ത്രി സ്ഥാനം കൂടി വേണമെന്ന നിലപാടാണ് അദ്ദേഹം അറിയിച്ചത്. ശേഷിച്ചവരിൽ ആരൊക്കെ മന്ത്രിമാരാകും എന്നതിൽ തീരുമാനം ഹൈക്കമാൻഡ് വൈകിപ്പിക്കാനാണ് സാധ്യത. ആരെങ്കിലും തഴയപ്പെടുന്നത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് ഇടയാക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അത് കണക്കിലെടുത്താണ് പൂർണ പുനഃസംഘടന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന തീരുമാനത്തിലേക്ക് അവരെ എത്തിച്ചിരിക്കുന്നത്. ചർച്ചകളിൽ ഈ തീരുമാനത്തിനാണ് മുൻതൂക്കം ലഭിക്കുന്നതെങ്കിൽ തിങ്കളാഴ്ച ഡി.കെ.ശിവകുമാറിനൊപ്പം ഉപമുഖ്യമന്ത്രിമാർ മാത്രമേ ചുമതലയേൽക്കാൻ ഇടയുള്ളൂ.