രാജിവച്ച മുൻ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുമായി കെ സി വേണുഗോപാൽ കൂടിക്കാഴ്ച നടത്തി. സമ്പൂർണ മന്ത്രിസഭാ പുനഃസംഘടന റെഡ്ഡി ആവശ്യപ്പെട്ടെന്നാണ് സൂചന.
ബെംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ രാജിവച്ച 10 ഭരണപക്ഷ എംഎൽഎമാർ മുംബൈയിലെ ഹോട്ടലിൽ തുടരുകയാണ്. മൂന്ന് പേർ ബെംഗളൂരുവിലാണ് ഉള്ളത്. ഇവരെ അനുനയിപ്പിക്കാൻ കോൺഗ്രസ്, ജെഡിഎസ് നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും വഴങ്ങിയിട്ടില്ല. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബെംഗളൂരുവിൽ തുടരുകയാണ്.
രാജിവച്ച മുൻ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുമായി കെ സി വേണുഗോപാൽ കൂടിക്കാഴ്ച നടത്തി. സമ്പൂർണ മന്ത്രിസഭാ പുനഃസംഘടന റെഡ്ഡി ആവശ്യപ്പെട്ടെന്നാണ് സൂചന. ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കയിൽ നിന്ന് ഇന്ന് രാത്രി തിരിച്ചെത്തും. എന്നാൽ ജൂലൈ 12ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് വിമതരെ ഉൾപ്പെടുത്തി മന്ത്രിസഭാ പുനഃസംഘടിപ്പിക്കണമെന്ന ആലോചന സജീവമാണ്.
നിലവിലെ മന്ത്രിസഭയിലുളളവരെ രാജിവപ്പിച്ച് വിമതരെ ഉൾപ്പെടുത്താനാണ് നീക്കം. മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷം ഇതിൽ തീരുമാനമുണ്ടാകും. എംഎൽഎമാരുടെ രാജിക്കത്ത് ചൊവ്വാഴ്ച പരിശോധിക്കുമെന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്.
