ഛണ്ഡീഗഡ് കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സൗരഭ് ജോഷിക്ക് വിജയം. കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ സഖ്യമില്ലാതെ മത്സരിച്ചത് ബിജെപിക്ക് അനായാസ വിജയം നേടിക്കൊടുത്തു. സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളും ബിജെപി നേടി.

ഛണ്ഡീഗഡ്: കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. പ്രതിപക്ഷത്തെ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ ഐക്യമുണ്ടാകാതെ വന്നതോടെയാണ് ബിജെപിക്ക് മികച്ച വിജയം നേടാനായത്. ബിജെപിയുടെ സൗരഭ് ജോഷി ചണ്ഡീഗഢ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 36 അംഗ സഭയിൽ ജോഷിക്ക് 18 വോട്ടുകൾ ലഭിച്ചു. 11 വോട്ടുകൾ നേടിയ ആം ആദ്മി സ്ഥാനാർത്ഥി യോഗേഷ് ധിംഗ്രയെയും ഏഴ് വോട്ടുകൾ നേടിയ കോൺഗ്രസ് നോമിനി ഗുർപ്രീത് സിംഗ് ഗാബിയും പരാജയപ്പെട്ടു.

മുനിസിപ്പൽ കോർപ്പറേഷനിൽ 35 അംഗ കൗൺസിലിൽ കൗൺസിലർമാർക്ക് പുറമെ, എംപിക്കും വോട്ടവകാശമുണ്ട്. ഇതോടെ ആകെ വോട്ടർമാരുടെ എണ്ണം 36 ആയി. കേവല ഭൂരിപക്ഷം 19 ആയിരുന്നു. എന്നാൽ കോർപറേഷനിൽ ബിജെപി 18 സീറ്റിലാണ് ജയിച്ചത്. 11 കൗൺസിലർമാരുള്ള എഎപിക്കും ആറ് കൗൺസിലർമാരുള്ള കോൺഗ്രസിനുമിടയിൽ ഐക്യമുണ്ടായില്ല. അതിനാൽ തന്നെ ത്രികോണ മത്സരമാണ് മേയർ സ്ഥാനത്തേക്ക് നടന്നത്.

സുതാര്യത ഉറപ്പാക്കാൻ രഹസ്യ ബാലറ്റ് ഒഴിവാക്കി കൈയ്യുയർത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ബിജെപി കൗൺസിലർ ജസ്മൻപ്രീത് സിംഗ് 18 വോട്ടുകൾ നേടി സീനിയർ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു, എഎപി സ്ഥാനാർത്ഥി മുനവർ ഖാന് 11 വോട്ടുകൾ ലഭിച്ചു. ബിജെപിയുടെ സുമൻ ശർമ്മ 18 വോട്ട് നേടി ഡെപ്യൂട്ടി മേയറായി. 11 വോട്ട് നേടിയ ആം ആദ്മി പാർട്ടിയുടെ ജസ്വീന്ദർ കൗറിനെ പരാജയപ്പെടുത്തി. സ്വതന്ത്ര സ്ഥാനാർത്ഥി രാമചന്ദ്ര യാദവ് വോട്ടെടുപ്പിന് മുമ്പ് പിന്മാറി.