Asianet News MalayalamAsianet News Malayalam

കർണാടകത്തിൽ രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി; കുമാരസ്വാമിയും ശിവകുമാറും ഭീഷണിപ്പെടുത്തുന്നുവെന്ന് വിമത എംഎൽഎ

സഭയിൽ വിശ്വസം തെളിയിക്കാൻ മുഖ്യമന്ത്രിയോട് നിർദ്ദേശിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടേക്കും. വിമതർ ഒപ്പമുണ്ടെന്നു ബിജെപി ഉറപ്പുവരുത്തുന്നുണ്ട്. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ ആർ അശോക്, മുൻ സ്പീക്കർ കെ ജി ബൊപ്പയ്യ എന്നിവർ മുംബൈയിലെ ഹോട്ടലിൽ വിമതരെ കണ്ടു. 

Karnataka crisis HIGHLIGHTS Centre using governors to topple non-BJP state govts says congress
Author
Bengaluru, First Published Jul 10, 2019, 6:33 AM IST

ദില്ലി: പ്രതിസന്ധി തുടരുന്നതിനിടെ കർണാടകത്തിൽ പരസ്യ നീക്കങ്ങൾക്ക് ബിജെപി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു ബിജെപി നേതാക്കൾ ഇന്ന് ഗവർണറെ കാണും. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ ആർ അശോക് , മുംബൈയിൽ എത്തി വിമത എം എൽ എമാരെ കണ്ടു. അതേ സമയം കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും മന്ത്രി ഡി.കെ ശിവകുമാറും ഭീഷണിപ്പെടുത്തുന്നതായി രാജിവച്ച എംഎൽഎ മുംബൈ പൊലീസിന് പരാതി നല്‍കി.  

14 എം എൽ എമാർ രാജിവച്ചു. സ്വതന്ത്രർ കൂറുമാറി. കർണാടക സർക്കാർ ന്യൂനപക്ഷമായെന്നും കുമാരസ്വാമി സ്ഥാനമൊഴിയണമെന്നും ബിജെപി ആവശ്യം. പരസ്യമായി സർക്കാർ രൂപീകരണ നീക്കങ്ങൾക്ക് പാർട്ടി തുടക്കത്തിൽ മടിച്ചിരുന്നു. എന്നാൽ വിമതരുടെ രാജി വൈകിപ്പിച്ചും അയോഗ്യത ഭീഷണി മുഴക്കിയുമുള്ള കോൺഗ്രസ്‌ തന്ത്രത്തിന് ഗവർണറെ മുൻ നിർത്തി മറുപടി കൊടുക്കാനാണ് ബിജെപി തീരുമാനം. ഉച്ചക്ക് ഒരു മണിക്കാണ് ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ഗവർണർ വജുഭായ് വാലയെ കാണുക. 

സഭയിൽ വിശ്വസം തെളിയിക്കാൻ മുഖ്യമന്ത്രിയോട് നിർദ്ദേശിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടേക്കും. വിമതർ ഒപ്പമുണ്ടെന്നു ബിജെപി ഉറപ്പുവരുത്തുന്നുണ്ട്. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ ആർ അശോക്, മുൻ സ്പീക്കർ കെ ജി ബൊപ്പയ്യ എന്നിവർ മുംബൈയിലെ ഹോട്ടലിൽ വിമതരെ കണ്ടു. ആകെ 107 പേരുടെ പിന്തുണയാണ് ബിജെപി അവകാശപ്പെടുന്നത്. വിശ്വാസം തെളിയിക്കാൻ കുമാരസ്വാമിക്ക് കഴിയില്ലെന്നും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ഗവർണർ തന്നെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുമെന്നും ബിജെപിക്ക് പ്രതീക്ഷയുണ്ട്. 

അതേ സമയം വിമതരുടെ രാജി സ്വീകരിക്കുന്നത് നീട്ടിയ സ്‌പീക്കറുടെ നടപടിയും ബിജെപി ചോദ്യം ചെയ്യും. ഇന്ന് വൈകിട്ട് സ്‌പീക്കറെ പാർട്ടി എം എൽ എമാരുടെ സംഘം കാണും. രാവിലെ വിധാൻ സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധവും സംഘടിപ്പിക്കും.

പ്രതീക്ഷ കൈവിട്ടിട്ടില്ലാത്ത കോൺഗ്രസ്‌ ഇപ്പോഴും ചർച്ചകളിലാണ്. ഡി കെ ശിവകുമാർ ഇന്ന് ഉച്ചക്ക് മുംബൈയിൽ സ്വതന്ത്രരെയും വിമത എം എൽ എമാരെയും കാണാന്‍ ഇരിക്കുകയായിരുന്നു. ശിവകുമാറിനെ കാണുന്നതിന് മുൻപ് ചില എം എൽ എമാർ ബെംഗളുരുവിലേക്ക് മടങ്ങുമെന്നു അഭ്യൂഹമുണ്ട്. അതേ സമയം 

ഗവർണറുടെ ഇടപെടലുണ്ടായാൽ സ്വീകരിക്കേണ്ട നിയമവഴികളും കോൺഗ്രസ്‌ ആലോചിക്കുന്നു.  അതേ സമയം കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും മന്ത്രി ഡി.കെ ശിവകുമാറും ഭീഷണിപ്പെടുത്തുന്നതായി രാജിവച്ച എംഎൽഎ.  കുമാരസ്വാമിയേയും ശിവകുമാറിനേയും ഹോട്ടൽ പരിസരത്തേക്ക് കടത്തി വിടരുതെന്നും പരാതിയിൽ പറയുന്നു.ഹോട്ടലിന്‍റെ സുരക്ഷ കൂട്ടാൻ ആവശ്യപ്പെട്ടെന്ന് വിമത ജെഡിഎസ് എംഎൽഎ നാരായൺ ഗൗഡ പറഞ്ഞു. മുംബൈ പൊലീസിനാണ് പരാതി. ഇതോടെ അവസാന നീക്കവും നടക്കില്ലെന്ന നിലയിലാണ് കോണ്‍ഗ്രസ്.
 

Follow Us:
Download App:
  • android
  • ios