കർണാടകയിലെ ഭരണനേതൃത്വ തർക്കങ്ങൾ രമ്യമായി പരിഹരിച്ചതായി കെ സി വേണുഗോപാൽ അറിയിച്ചു. സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഡി കെ ശിവകുമാർ ജൂൺ മൂന്നിന് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സിദ്ധരാമയ്യയുടെ പാർട്ടിക്കൂറിനെ വേണുഗോപാൽ അഭിനന്ദിക്കുകയും സുഗമമായ അധികാര കൈമാറ്റമാണ് നടന്നതെന്നും വ്യക്തമാക്കി
ബെംഗളൂരു: കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾ പ്രതീക്ഷിച്ച രാഷ്ട്രീയ എതിരാളികൾ ഒരു ദിവസത്തെ ഗ്യാപ്പ് ഉണ്ടാക്കാൻ പോലും പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂൺ മൂന്നിന് വൈകിട്ട് നാലുമണിക്ക് ഡി കെ ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സിദ്ധരാമയ്യ കാണിച്ച വലിയ പാർട്ടി കൂറാണ് ഇതിന് വഴിയൊരുക്കിയതെന്നും ഡി കെയ്ക്ക് വേണ്ടി അദ്ദേഹം സ്ഥാനമൊഴിഞ്ഞത് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും അഭിമാനപൂർണമായ നിമിഷമാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. ഇത്രയും സുഗമമായ ഒരു അധികാര കൈമാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് ഏറ്റവും ഭംഗിയായാണ് ഇത് പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മികച്ച സംഘടനാ പാടവമുള്ള ഡി കെ ശിവകുമാർ അധികാരത്തിലേക്ക് വരുന്നതോടെ കർണാടകയിൽ പാർട്ടി കൂടുതൽ ശക്തമാകും. മന്ത്രിസഭാ പുനസംഘടനയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും എല്ലാം സുഗമമായി പരിഹരിച്ചതായും വ്യക്തമാക്കിയ വേണുഗോപാൽ, 2028 ൽ നടക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സി എൽ പി യോഗം തീരുമാനിച്ചു
അതേസമയം കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിന്‍റെ പേര് ഉടൻ ഹൈക്കമാൻഡ് പ്രഖ്യാപിക്കും. സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ ഇന്ന് വിധാൻ സൗധയിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി (സി എൽ പി) യോഗം ഡി കെ ശിവകുമാറിനെ നിയമസഭാ കക്ഷി നേതാവായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. യോഗത്തിൽ സിദ്ധരാമയ്യയാണ് ഡി കെയുടെ പേര് നിർദ്ദേശിച്ചത്. മുതിർന്ന നേതാവ് ജി പരമേശ്വരയാണ് പിന്താങ്ങിയത്. സി എൽ പി യോഗത്തിന്റെ തീരുമാനം ഉടൻ തന്നെ കോൺഗ്രസ് ഹൈക്കമാന്റിനെ അറിയിക്കുമെന്നും തുടർന്ന് ഹൈക്കമാൻഡാകും ഔദ്യോഗിക പ്രഖ്യാപനം നടത്തുകയെന്നും നേതാക്കൾ വ്യക്തമാക്കി. സി എൽ പി യോഗത്തിൽ സിദ്ധരാമയ്യയ്ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പ്രമേയം ഡി കെ ശിവകുമാർ അവതരിപ്പിച്ചു.
