മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ അതൃപ്തി അറിയിച്ച് കെഎച്ച് മുനിയപ്പ കൂടി രംഗത്തെത്തിയതോടെ തർക്കം രൂക്ഷമായി. ഏറ്റവും സീനിയറായ തന്നെ അവഗണിച്ചെന്നാണ് മുനിയപ്പയുടെ വാദം
ബെംഗളൂരു: കർണാടകയിൽ ഡികെ ശിവകുമാർ മന്ത്രിസഭയിൽ വീണ്ടും പൊട്ടിത്തെറി. മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ അതൃപ്തി അറിയിച്ച് കെഎച്ച് മുനിയപ്പ കൂടി രംഗത്തെത്തിയതോടെ തർക്കം രൂക്ഷമായി. ഏറ്റവും സീനിയറായ തന്നെ അവഗണിച്ചെന്ന് മുനിയപ്പ പറയുന്നു. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് ആണ് മുനിയപ്പയ്ക്ക് നൽകിയിരുന്നത്. എന്നാൽ സീനിയോറിറ്റി പരിഗണിച്ചുള്ള വകുപ്പ് വേണമെന്നാണ് മുനിയപ്പയുടെ ആവശ്യം. തന്റെ അതൃപ്തി രാഹുലിനെയും ഖർഗെയെയും അറിയിച്ചിരിക്കുകയാണ് മുനിയപ്പ.
നേരത്തെ, മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജിവെച്ചിരുന്നു. ബെംഗളൂരു നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾക്കകമാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. മന്ത്രിസ്ഥാനം നൽകിയതിന് നന്ദിയെന്ന് രാമലിംഗ റെഡ്ഡി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആകില്ലെന്നും എംഎൽഎ ആയും പാർട്ടി പ്രവർത്തകനായും തുടരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കാത്തതുകൊണ്ടല്ല രാജി. വാഗ്ദാന ലംഘനത്തിലാണ് പ്രതിഷേധം. ബെംഗളൂരു നഗര വികസന വകുപ്പ് തനിക്ക് നൽകാമെന്ന് ഉറപ്പു നൽകിയതാണെന്നും റെഡ്ഡി വാർത്താസമ്മേളനത്തിൽ അറിയിച്ചു.


