ബെംഗളൂരു: വ്യാപാര സ്ഥാപനങ്ങൾ, ചെറുകിട ഷോപ്പുകൾ, തുടങ്ങിയവയിൽ സ്ത്രീ ജീവനക്കാർക്ക് രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാൻ അനുമതി നൽകി കർണാടക സർക്കാർ. കർണാടക ഷോപ്സ് ആന്റ് കമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനം. ഭേദഗതിയ്ക്ക് തിങ്കഴാഴ്ച്ച മന്ത്രിസഭ അംഗീകാരം നൽകി. ഇതു സംബന്ധിച്ച ബിൽ അടുത്ത ദിവസം നിയമസഭിൽ അവതരിപ്പിക്കുമെന്ന്  സംസ്ഥാന നിയമമന്ത്രി ജെസി മധുസ്വാമി പറഞ്ഞു.

നഗരത്തിലെ ഹോട്ടലുകൾ ,റെസ്റ്റോറന്റുകൾ, കഫേകൾ, തിയറ്ററുകൾ തുടങ്ങിയവയും ബില്ലിന്റെ പരിധിയിൽ ഉൾപ്പെടും. വനിതാ ജീവനക്കാർക്ക് മതിയായ സുരക്ഷ നൽകണമെന്ന നിബന്ധനയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി  വ്യക്തമാക്കി. ഇത് പ്രകാരം വനിതാജീവനക്കാർക്ക് കമ്പനി അധികൃതർ വാഹന സൗകര്യം ഏർപ്പെടുത്തണം.

കൂടാതെ വാഹനത്തിൽ ജിപിഎസ്  സൗകര്യവുമുണ്ടായിരിക്കണം. ഷിഫ്റ്റ് ഇടവിട്ടുള്ള ദിവസങ്ങളിലായിരിക്കണം. ചെറിയ കുഞ്ഞുങ്ങളുള്ളവർക്കായി ഓഫീസുകളിൽ ക്രെഷ് സംവിധാനം ഏർപ്പെടുത്തണം. കൂടാതെ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും  നിബന്ധനകളിൽ പറയുന്നു.  

Read More: പുതുവത്സാരാഘോഷം: ബെംഗളൂരുവിൽ 7000 സുരക്ഷാ ജീവനക്കാരെ നിയമിച്ചു

കർണാടക ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ 2002 ലെ ഭേദഗതി പ്രകാരം ഐടി ഇതര മേഖലകളിൽ വനിതാ ജീവനക്കാർക്ക് രാത്രി ഷിഫ്റ്റ് നിരോധിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ നവംബറിലാണ് തൊഴിൽ വകുപ്പ് സർക്കാർ അധീനതയിലുള്ള ഫാക്ടറികളിലെ വനിതാ ജീവനക്കാർക്ക് രാത്രി ഷിഫ്റ്റ് അനുവദിച്ചുകൊണ്ട് വിജ്ഞാപനമിറക്കിയത്. ഗാർമെന്റ് മേഖലയിലെ ഒരു വിഭാഗം വനിതാ ജീവനക്കാർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.