വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം, ​ഗോവധ നിരോധനം, മുസ്ലിം സംവരണം തുടങ്ങിയ മുൻ സർക്കാറിന്റെ തീരുമാനങ്ങളെ കോൺ​ഗ്രസ് സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് കർണാടക രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

ബെം​ഗളൂരു: ബിജെപി സർക്കാർ നടപ്പാക്കിയ വിവാദ നിയമങ്ങളും നയങ്ങളും ഓരോന്നായി ഒഴിവാക്കി കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ. ഏറ്റവും ഒടുവിലായി നിർബന്ധിത മതപരിവർത്തന നിരോധന നിയമമാണ് കോൺ​ഗ്രസ് സർക്കാർ റദ്ദാക്കിയത്. ലൗ ജിഹാദ് വിരുദ്ധ നിയമമെന്ന് ബിജെപി അവകാശപ്പെ‌ട്ട നപ്പാക്കിയ നിയമമാണിത്. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സർക്കാറുകളുടെ മാതൃക പിന്തുടർന്നാണ് കർണാടകയിലും ബിജെപി സർക്കാർ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നത്. 2022 സെപ്റ്റംബർ 21ന് ബൊമ്മൈ സർക്കാർ മതപരിവർത്തന നിരോധന നിയമം പാസാക്കി. അന്നുതന്നെ കോൺ​ഗ്രസ് ശക്തമായി എതിർത്തിരുന്നു. സംസ്ഥാനത്തെ ക്രിസ്ത്യൻ വിഭാ​ഗം നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

നിർബന്ധിത മതംമാറ്റം തടയാനാണ് നിയമമെന്നായിരുന്നു സർക്കാറിന്റെ വാദം. നിർബന്ധിച്ച് മതം മാറ്റിയെന്ന് പരാതിയുണ്ടെങ്കിൽ വിവാഹം തന്നെ റദ്ദാക്കാൻ കോടതിക്ക് അധികാരം ഉണ്ടെന്ന് അനുശാസിക്കുന്നതായിരുന്നു നിയമം. മതം മാറ്റിയെന്ന് രക്തബന്ധത്തിലുള്ള ആര് പരാതി നൽകിയാലും അത്‌ പരിഗണിക്കണമെന്നും നിയമത്തിൽ വ്യവസ്ഥ ഉണ്ടായിരുന്നു. നിർബന്ധിച്ചു മതം മാറ്റിയെന്ന് തെളിഞ്ഞാൽ കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് വിമർശനം ഉയർന്നതാണ്.

ബിജെപി സർക്കാറിന്റെ സ്കൂൾ, കോളേജ് പാഠ്യപദ്ധതികളും കോൺ​ഗ്രസ് സർക്കാർ മാറ്റം കൊണ്ടുവന്നേക്കും. പാഠഭാ​ഗങ്ങളിൽ നിന്ന് ശ്രീനാരായണ​ഗുരുവിനെ ഒഴിവാക്കിയതുൾപ്പെടെ നിരവധി വിവാദ തീരുമാനങ്ങൾ ബിജെപി സർക്കാർ കൈക്കൊണ്ടിരുന്നു. ആദ്യഘട്ടമായി ആർഎസ്എസ് സ്ഥാപകനും ആദ്യ സർസംഘചാലകുമായ കേശവ് ബലിറാം ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കാനാണ് സർക്കാർ തീരുമാനിച്ചത്. സ്കൂൾ പാഠപുസ്തകങ്ങളിൽ ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തിയതിനെ പ്രതിപക്ഷം ശക്തമായി എതിർത്തിരുന്നു. എല്ലാ സ്കൂളുകളിലും കോളേജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിർബന്ധമാക്കാനും കോൺ​ഗ്രസ് സർക്കാർ തീരുമാനിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം, ​ഗോവധ നിരോധനം, മുസ്ലിം സംവരണം തുടങ്ങിയ മുൻ സർക്കാറിന്റെ തീരുമാനങ്ങളെ കോൺ​ഗ്രസ് സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് കർണാടക രാഷ്ട്രീയം ഉറ്റുനോക്കുന്നത്. കർണാടകയെ മാത്രമല്ല, രാജ്യത്തുതന്നെ ഏറെ ചർച്ച ചെയ്ത തീരുമാനമായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം. സംഭവം സുപ്രീം കോടതി വരെയെത്തി ചൂടേറിയ ചർച്ചയായി. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് കർണാടകയിൽ നിലവിലുണ്ടായിരുന്ന നാല് ശതമാനം മുസ്ലിം സംവരണം റദ്ദാക്കി, ലിം​ഗായത്ത്, വൊക്കലി​ഗ വിഭാ​ഗങ്ങൾക്ക് വീതിച്ചുനൽകിയത്. ഈ തീരുമാനവും സുപ്രീം കോടതിയിലെത്തി. ഗോവധ നിരോധന നിയമത്തിലും മാറ്റം വരുത്തുമെന്ന് കോൺ​ഗ്രസ് സൂചന നൽകി.

നിയമത്തിലെ കർശന വ്യവസ്ഥകളിൽ അയവ് വരുത്താനാണ് നീക്കം. കാളകളെ അറവ് ശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ എന്തുകൊണ്ട് പ്രായാധിക്യം വന്ന പശുക്കളെ കൊന്നുകൂടായെന്ന് മൃഗസംരക്ഷണ മന്ത്രി കെ വെങ്കിടേഷ് അഭിപ്രായപ്പെട്ടിരുന്നു. പ്രായാധിക്യം വന്നോ അസുഖം വന്നോ ചത്തതിനെ പോലും സംസ്കരിക്കാൻ കർഷകർ ബുദ്ധിമുട്ടുകയാണെന്നും മന്ത്രി വ്യക്തമാക്കി. 2020-ൽ ബിജെപി സർക്കാർ കൊണ്ടുവന്ന ഗോവധനിരോധന നിയമഭേദഗതിയിൽ പശുക്കളെ കൊല്ലുന്നത് ക്രിമിനൽ കുറ്റമാക്കിയിരുന്നു. പശുവിനെ കൊല്ലുകയോ പശുവിറച്ചി സൂക്ഷിക്കുകയോ ചെയ്യുന്നുണ്ടോ എന്നറിയാൻ പൊലീസിന് വാറന്‍റില്ലാതെ പരിശോധനക്കും അനുമതി നൽകി. കുറ്റവാളിയെന്ന് കണ്ടെത്തിയാൽ തടവുശിക്ഷയും അഞ്ച് ലക്ഷം വരെ പിഴയുമുൾപ്പടെ ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ചുമത്താനും ഭേദഗതി അനുമതി നൽകിയിരുന്നു. 

Read More... കര്‍ണാടകയിലെ മതപരിവർത്തനനിരോധന നിയമം റദ്ദാക്കി, ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കി സിദ്ധരാമയ്യ