'നമ്മുടെ രാജ്യം നമുക്ക് എല്ലാം തന്നിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ഒരാൾ എന്ത് സംഭാവനയാണ് നൽകേണ്ടതെന്ന് ഈ യാത്ര ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കും'- ഗെലോട്ട് പറഞ്ഞു.

ബെംഗളൂരു: ഏഴുപത്തിയഞ്ചാം വാർഷിക നിറവില്‍ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം യുവ തലമുറയിലേക്ക് എത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും എൻസിസിയും ചേർന്നൊരുക്കുന്ന വജ്ര ജയന്തി യാത്ര കര്‍ണാടകയില്‍ ഗവർണർ തവർചന്ദ് ഗെലോട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച വജ്ര ജയന്തി യാത്ര ശക്തവും ഏകീകൃതവുമായ ഒരു രാഷ്ട്രത്തിനായി വളരെ പ്രധാനപ്പെട്ടതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

'സ്വാതന്ത്ര്യാനന്തരം എന്താണ് സംഭവിച്ചതെന്നും നമ്മുടെ രാജ്യത്തിനായി ഭാവിയിൽ എന്താണ് ചെയ്യേണ്ടതെന്നും നാം അറിയണം. നമ്മുടെ രാജ്യം നമുക്ക് എല്ലാം തന്നിട്ടുണ്ട്, ഇപ്പോൾ നമുക്ക് തിരിച്ച് അനുഗ്രഹം നൽകേണ്ട സമയമാണിത്. രാജ്യത്തിന് വേണ്ടി ഒരാൾ എന്ത് സംഭാവനയാണ് നൽകേണ്ടതെന്ന് ഈ യാത്ര ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കും- ഗെലോട്ട് പറഞ്ഞു.

അമൃത മഹോത്സവ യാത്ര കർണാടകയിൽ നടക്കുന്നത് അഭിമാന നിമിഷമാണെന്ന് ഏഷ്യാനെറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറ പറഞ്ഞു. 'കർണാടക മനോഹരമായ സംസ്ഥാനമാണ്. ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാല്‍ കർണാടകയിലെ ഏഴ് അത്ഭുതങ്ങൾ കണ്ടെത്താനുള്ള ശ്രമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. യാത്രയിൽ പങ്കെടുക്കുന്ന എൻസിസി കേഡറ്റുകൾക്ക് രാജേഷ് കൽ ആശംസകൾ നേർന്നു. കേഡറ്റുകൾ ബെംഗളൂരുവിലെ പ്രമുഖ സ്ഥലങ്ങൾ സന്ദർശിക്കും. ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം കേഡറ്റുകൾ ദേശീയ സൈനികരുടെ സ്മാരകം സന്ദർശിച്ചു.

Read More : സമരചരിത്രമറിയാന്‍, വജ്രജയന്തി യാത്രക്ക് കേരളത്തില്‍ തുടക്കം, ഫ്ലാഗ് ഓഫ് ചെയ്ത് ഗവര്‍ണര്‍

ചടങ്ങില്‍ ഗോവ, കർണാടക എൻസിസി വിംഗ് കമാൻഡർ, എയർ കമ്മഡോർ ബിഎസ് കൻവാർ, ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് ചെയർമാൻ രാജേഷ് കൽറ, കന്നഡ പ്രഭ, സുവർണ ന്യൂസ് ചീഫ് മെന്റർ രവി ഹെഗ്‌ഡെ, സുവർണ ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ അജിത് ഹനുമാക്കനവർ എന്നിവർ പങ്കെടുത്തു. കേരളത്തിൽ നിന്നാണ് ഇന്ത്യ@75 കാമ്പയിൻ ആരംഭിച്ചത്. വരും ദിവസങ്ങളിൽ രാജ്യത്തുടനീളം പര്യടനം നടത്തുകയും ഓഗസ്റ്റ് 15 ന് ദില്ലിയിൽ അവസാനിക്കുകയും ചെയ്യും.