നിയമം നടപ്പാക്കിയതിന് പിന്നാലെ ദുരാചാര കൊലപാതകള്‍ ഗണ്യമായി കര്‍ണാടകയില്‍ കുറഞ്ഞു.

ബെംഗളൂരു: ആഭിചാര കൊലകള്‍ വര്‍ധിച്ചതോടെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കിയിട്ട് രണ്ട് വര്‍ഷമാകുന്നു. ഏഴ് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് നിയമം അനുശാസിക്കുന്ന ശിക്ഷ. നിയമം നടപ്പാക്കിയതിന് പിന്നാലെ ദുരാചാര കൊലപാതകള്‍ ഗണ്യമായി കര്‍ണാടകയില്‍ കുറഞ്ഞു.

ശാസ്ത്രത്തിന്‍റെ പിൻബലമില്ലാത്തതിനെയൊക്കെ അന്ധവിശ്വാസമെന്ന് കര്‍ണാടകയിലെ അന്ധവിശ്വാസ നിരോധന നിയമം നിര്‍വചിക്കുന്നു. ആഭിചാര കൊലപാതകള്‍ കൂടിയതോടെ 2017ല്‍ സിദ്ധരാമ്മയ സര്‍ക്കാര്‍ ബില്ലിന് സഭയില്‍ അംഗീകാരം നല്‍കി. വാസ്തു, ജ്യോതിഷം, വിശ്വാസത്തിന്‍റെ ഭാഗമായുളള തല മൊട്ടയടിക്കൽ,കാതുകുത്ത് വഴിപാടുകള്‍ തുടങ്ങിയവ ഒഴിവാക്കിയാണ് നിയമം. ഏഴ് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും.നിയമം നടപ്പാക്കിയതോടെ ആഭിചാര കൊലകള്‍ക്ക് ഒപ്പം മടേസ്നാന പോലുള്ള ആചാരങ്ങള്‍ക്കും ഒരുപരിധി വരെ തടയിടാനായി. 

എന്നാല്‍ ബില്ല് സഭയില്‍ പാസായിയിട്ടും കര്‍ണാടകയെ വീണ്ടും ദുരാചാര കൊലകള്‍ ഞെട്ടിച്ചു. ബെംഗ്ലൂരുവിന് സമീപം ഹൊസ്സൂരില്‍ ദേവപ്രീതിക്കായി ആറ് വയസ്സുകാരിയെ അച്ഛന്‍ കിണറ്റിലെറിഞ്ഞ് കൊന്നത് 2019ലാണ്. ജ്യോതിഷന്‍റെ നിര്‍ദേശപ്രകാരം നല്ല സമയവും ഭാഗ്യവും കൈവരാനായിരുന്നു ദാരുണമായ കൊലപാതകം.

ദുര്‍മന്ത്രവാദിയുടെ വാക്ക് കേട്ട് ഇക്കഴിഞ്ഞ ജനുവരിയിലാണ് മൈസൂരുവില്‍ പതിനഞ്ചുകാരനെ സുഹൃത്തുക്കള്‍ വെള്ളച്ചാട്ടത്തില്‍ തള്ളിയിട്ട് കൊന്നത്. സഹോദരനടക്കം 15 പേരാണ് കേസില്‍ അറസ്റ്റിലായത്. സൂര്യഗ്രഹണനേരത്തെ അന്ധവിശ്വാസം കാരണം കലബുറഗിയിൽ ഭിന്നശേഷിക്കാരായ മക്കളെ മാതാപിതാക്കള്‍ മണ്ണില്‍ കുഴിച്ചിട്ട സംഭവമുണ്ടായി. ചെവിയിൽ പഞ്ഞി തിരുകി ഉടല്‍ മണ്ണില്‍ താഴ്ത്തിയ മൂന്ന് വയസ്സുകാരന്‍റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് അന്ന് കുട്ടികളെ രക്ഷിച്ചത്. എങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ നിയമം നടപ്പായതോടെ അനാചാര കൊലകള്‍ ഒരു പരിധി വരെ തടയാനായെന്നാണ് പൊതുവിലയിരുത്തൽ.

അന്ധവിശ്വാസത്തിനെതിരായ നിയമനിർമ്മാണം ഇപ്പോഴും പാതിവഴിയിൽ