Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണിനിടെ നിർദ്ദേശങ്ങൾ ലംഘിച്ച് മുൻ മുഖ്യമന്ത്രിയുടെ മകന്‍റെ വിവാഹം; വിമർശിച്ച് വീണ്ടും കർണാടക ഹൈക്കോടതി

വിവാഹവേദിയിലേക്ക് എത്തിയവരുടെ വിവരങ്ങൾ സർക്കാർ ഹാജരാക്കിയിരുന്നില്ല. പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടില്ലെന്ന് സർക്കാർ വാദിച്ചു

karnataka high court against marriage of kumaraswamy's son during lockdown period
Author
Bangalore, First Published May 13, 2020, 11:50 AM IST

ബംഗ്ലൂരു: ലോക്ക്ഡൗണിനിടെ കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍റെ വിവാഹച്ചടങ്ങിൽ അമ്പതിലധികം പേർ പങ്കെടുത്തതിൽ, സംസ്ഥാന സർക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. വിവാഹവേദിയിലേക്ക് എത്തിയവരുടെ വിവരങ്ങൾ സർക്കാർ ഹാജരാക്കിയിരുന്നില്ല. പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടില്ലെന്ന് സർക്കാർ വാദിച്ചു. എന്നാൽ ഇതിൽ പഴുത് കണ്ടെത്തുന്നത് ശരിയല്ലെന്ന് കോടതി വിമർശിച്ചു. അതേ സമയം വിവാഹച്ചടങ്ങുകളിൽ ഇനി മുതൽ അൻപതിലധികം പേരെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

നേരത്തെയും സംഭവത്തിൽ കലക്ടറെയും സംസ്ഥാന സർക്കാരിനെയും കോടതി വിമർശിച്ചിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ രാമനഗര ജില്ലാ കളക്ടർക്ക് ആരാണ് അധികാരം നൽകിയതെന്ന് കോടതി ആരാഞ്ഞു. 

ലോക്ക്ഡൗണിനിടെ ഏപ്രിൽ പതിനേഴിനാണ് കുമാരസ്വാമിയുടെ മകൻ നിഖിലും രേവതിയും വിവാഹിതരായത്. രാമനഗരയിലെ ഫാംഹൗസിലായിരുന്നു ചടങ്ങുകൾ. സാമൂഹിക അകലം പാലിക്കാതെയും മുഖാവരണമില്ലാതെയും ചടങ്ങ് നടത്തിയതിൽ വിമർശനം ഉയർന്നിരുന്നു. കൂടുതൽ ആളുകൾ പങ്കെടുത്തതും ചർച്ചയായി. നിയന്ത്രണങ്ങൾ പാലിച്ചാണ് വിവാഹമെന്ന് പ്രതികരിച്ച് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ കുമാരസ്വാമിക്ക് പിന്തുണ നൽകി. എന്നാൽ  രൂക്ഷവിമർശനമുന്നയിച്ച കർണാടക ഹൈക്കോടതി. കുമാരസ്വാമിയുടെ മകന്‍റെ വിവാഹത്തിന് മാത്രം എങ്ങനെ ഇളവ് നൽകിയെന്നും ചോദിച്ചു. 

Follow Us:
Download App:
  • android
  • ios