പേര് ചോദിച്ച ശേഷമാണ് ഒരു സംഘം യുവാക്കള്‍ തങ്ങളെ അക്രമിച്ചതെന്ന് ആണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബെല്‍ഗാവി: ഒന്നിച്ചിരുന്നുവെന്ന കാരണത്താല്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. പേര് ചോദിച്ച ശേഷമാണ് ഒരു സംഘം യുവാക്കള്‍ തങ്ങളെ അക്രമിച്ചതെന്ന് ആണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തതായി ബെല്‍ഗാവി പൊലീസ് അറിയിച്ചു. 

ശനിയാഴ്ച ഉച്ചയ്ക്ക് ബെല്‍ഗാവിയിലെ കില്ല തടാകത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. 18കാരനായ സച്ചിന്‍ ലമാനി, 22കാരി മുസ്‌കാന്‍ പട്ടേല്‍ എന്നിവരെയാണ് പൈപ്പുകളും വടികളും ഉപയോഗിച്ച് ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിച്ചത്. ''ഞങ്ങളുടെ പേരുകള്‍ ചോദിച്ചാണ് അക്രമികളുടെ സംഘം സമീപിച്ചത്. പേര് പറഞ്ഞതോടെ എന്തിനാണ് ഒരു ഹിന്ദുവും മുസ്ലീമും ഒന്നിച്ച് ഇരിക്കുന്നതെന്ന് അവര്‍ ചോദിച്ചു. എന്നാല്‍ പെണ്‍കുട്ടി മുസ്ലീം അല്ലെന്നും സ്വന്തം ആന്റിയുടെ മകളാണെന്നും പറഞ്ഞു. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. പിന്നാലെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എന്റെ കഴുത്ത് ഞെരിച്ച് കൊല്ലാനും അവര്‍ ശ്രമിച്ചു. വിവരം അറിഞ്ഞ് 13ഓളം പേര്‍ കൂടി സ്ഥലത്തെത്തി. ശേഷം പ്രദേശത്തെ ഒഴിഞ്ഞ സ്ഥലത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി.'' ഇവിടെ വച്ച് വൈകുന്നേരം വരെ ക്രൂരമായി മര്‍ദ്ദനത്തിന് വിധേയനാക്കിയെന്നും സച്ചിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ തങ്ങളുടെ രണ്ട് മൊബൈല്‍ ഫോണുകളും കൈവശമുണ്ടായിരുന്ന പണവും അവര്‍ തട്ടിയെടുത്തതായി സച്ചിന്‍ പറഞ്ഞു. 

സംഭവത്തിന് പിന്നാലെ വീടുകളിലേക്ക് മടങ്ങിയ ഇരുവരും ബന്ധുക്കളോട് വിവരം പറഞ്ഞശേഷം പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടി ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ യുവ നിധി പദ്ധതിക്ക് അപേക്ഷിക്കാനാണ് തങ്ങള്‍ സ്ഥലത്തെത്തിയത്. ഉച്ചഭക്ഷണ സമയമായതോടെ ഒരു മണിക്കൂര്‍ കഴിഞ്ഞു വരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തങ്ങള്‍ കില്ല തടാകത്തിന് സമീപത്ത് പോയി ഇരുന്നതെന്നും സച്ചിനും മുസ്‌കാനും പറഞ്ഞു. 

'ആ അയ്യപ്പ ഭക്തരുടെ സങ്കടം നാട്ടുകാരെയും വിഷമത്തിലാക്കി'; നിമിഷങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ

YouTube video player