ബംഗളൂരു: രാജിവെച്ച കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ കര്‍ണാടക സ്പീക്കറുടെ തീരുമാനം എന്താണെന്ന് അല്‍പസമയത്തിനകം അറിയാം. സ്പീക്കറെ പുറത്താക്കാന്‍ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ്. 

17 എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശുപാര്‍ശയാണ് കോണ്‍ഗ്രസും ജെഡിഎസും സ്പീക്കര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ 3 പേരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ബാക്കിയുള്ളവരുടെ കാര്യത്തില്‍ എന്തു തീരുമാനമെടുത്തെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിക്കുകയെന്നാണ് സൂചന. 

എംഎല്‍എമാരുടെ രാജി ചട്ടപ്രകാരമല്ലെന്നും അവര്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നതിന് തെളിവുണ്ടെന്നും നേരത്തെ സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. രാജി വച്ച എംഎല്‍എമാര്‍ക്കു പുറമേ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.