പൊതുസ്ഥലത്ത് ആർഎസ്എസ് പ്രവർത്തനങ്ങളെ നിരോധിക്കും, സർക്കുലർ പുറപ്പെടുവിക്കാൻ തീരുമാനം. നേരത്തെ പൊതുസ്ഥലങ്ങളിലെ ആർഎസ്എസ് പ്രവർത്തനങ്ങളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖർഗെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ബെംഗളൂരു: പൊതുസ്ഥലങ്ങളിലെ സ്വകാര്യ- സർക്കാരിതര സംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ കർണാടക മന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള കളിസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും നടക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) ശാഖകളെ നിയന്ത്രിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നേരത്തെ പൊതുസ്ഥലങ്ങളിലെ ആർഎസ്എസ് പ്രവർത്തനങ്ങളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖർഗെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സ്കൂൾ പരിസരങ്ങൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ എന്നിവയുൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ ആർഎസ്‌എസിന്റെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മന്ത്രി കത്ത് നൽകിയത്.
ബിജെപിയുടെ പ്രതിഷേധത്തെ പ്രതിരോധിക്കാൻ ബിജെപി അധികാരത്തിലിരുന്നപ്പോൾ 2013-ൽ പുറത്തിറക്കിയ സർക്കുലർ സർക്കാർ പുറത്തുവിട്ടു. സ്കൂൾ പരിസരങ്ങളും അനുബന്ധ കളിസ്ഥലങ്ങളും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതിനായി നിയന്ത്രിച്ച് 2013ൽ അന്നത്തെ പൊതുവിദ്യാഭ്യാസ കമ്മീഷണർ എസ്.ആർ. ഉമാശങ്കർ പുറപ്പെടുവിച്ച സർക്കുലറാണ് സർക്കാർ പുറത്തുവിട്ടത്. അന്ന് ബിജെപിയുടെ ജഗദീഷ് ഷെട്ടർ ആയിരുന്നു മുഖ്യമന്ത്രി.
പ്രിയങ്ക് ഖാർഗെ ഒക്ടോബർ 4 ന് നൽകിയ നിവേദനത്തിൽ മുഖ്യമന്ത്രി നടപടി സ്വീകരിച്ചതോടെ വിവാദത്തിന് തിരികൊളുത്തിയത്. പ്രിയങ്കിന്റെ കത്തിൽ പരിശോധിച്ച് ആവശ്യമായ നടപടി ഉടനടി പ്രാബല്യത്തിൽ വരുത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. ആർഎസ്‌എസ് ശതാബ്ദി വർഷം ആഘോഷിക്കുന്ന സമയത്താണ് ഈ നീക്കം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനെതിരെ ആര്‍എസ്എസും ബിജെപിയും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ബിജെപി പ്രവർത്തകരും നേതാക്കളും ബെംഗളൂരുവിൽ പദസഞ്ചലനം നടത്തി.
ആർഎസ്‌എസിന്റെ രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് പ്രിയങ്കിന് അറിയില്ലെന്നും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സംഘടനയെ അംഗീകരിച്ചിരുന്നുവെന്നും സംസ്ഥാന ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര പറഞ്ഞു. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാറുകള്‍ ആർഎസ്‌എസിനെ നിരോധിച്ചു. പിന്നീട് അത്തരം ഉത്തരവുകൾ പിൻവലിച്ചു. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം, 1963 ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ആർഎസ്‌എസിനെ അനുവദിച്ചുവെന്നും വിജയേന്ദ്ര പറഞ്ഞു.


