ദില്ലി:  ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പൂരിൽ നിന്ന് കർതാർപുരിലേക്കുള്ള പാത തുറന്നു കൊടുക്കും. ആദ്യ പ്രതിനിധി സംഘം തുടർന്ന് കർതാർപുരിലേക്ക് പോകും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, നവജോത് സിംഗ് സിദ്ദു, സണ്ണി ഡിയോൾ തുടങ്ങിയവർ സംഘത്തിലുണ്ട്.

കർതാർപുരിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടനാഴിയുടെ ഉദ്ഘാടനം നിർവഹിക്കും. തീർത്ഥാടകരിൽ നിന്ന് ആദ്യ ദിനം ഫീസ് വാങ്ങേണ്ടെന്നാണ് ഒടുവിൽ പാകിസ്ഥാൻറെ തീരുമാനം. അതേസമയം തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് തന്നെ വേണം എന്നതാണ് നിർദ്ദേശം. ഒരു ദിവസം അയ്യായിരം തീർത്ഥാടകരെ അനുവദിക്കാനാണ് ഇന്ത്യാ-പാകിസ്ഥാൻ ധാരണ.

സിഖ് മതവിശ്വാസികളുടെ വര്‍ഷങ്ങളായുള്ള ആഗ്രഹിത്തിനും ആവശ്യത്തിനുമാണ് ഇന്ന് അവസാനമാകുന്നത്. ഗുരു നാനാക്കിന്‍റെ സമാധിസ്ഥലമായ കർത്താപൂർ ഗുരുദ്വാര ഇപ്പോൾ പാകിസ്ഥാനിലാണ്. സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ഇവിടേയ്ക്ക് ഇന്ത്യയിൽ നിന്ന് ഒരു സ്ഥിരം പാത വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. എന്നാൽ, നയതന്ത്രതർക്കങ്ങളിൽ കുരുങ്ങി അത് നടപ്പായിരുന്നില്ല. ഒടുവില്‍ ഇന്ത്യയും പാകിസ്ഥാനും ഇടനാഴി നിര്‍മിക്കാന്‍ ധാരണയാവുകയായിരുന്നു.