സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്. ദുരന്തത്തിൽ വിജയ്ക്കെതിരെ തമിഴ്നാട് സിപിഎം രംഗത്തെത്തി. മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ടിവികെ റാലികൾക്ക് ഹൈക്കോടതി നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു.

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിലുണ്ടായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നിർണായക നീക്കങ്ങൾ. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സെക്രട്ടറിയേറ്റിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേരുകയാണ്. കളക്ടർമാരും മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കുമെന്നാണ് റിപ്പോർട്ട്. വിജയ്ക്കെതിരെ വിമർശനവുമായി തമിഴ്നാട് സിപിഎം രംഗത്തെത്തി. മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ടിവികെ റാലികൾക്ക് ഹൈക്കോടതി നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. ഇതും മറികടന്ന് നടത്തിയുള്ള റാലിയിലാണ് വൻ ദുരന്തം ഉണ്ടായിരിക്കുന്നത്. അതിനിടെ, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ദുരന്തത്തിന് ശേഷമാണ് വിജയ് തിരുച്ചിറപ്പള്ളിയിലെത്തിയത്.

അതേസമയം, തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടിവരികയാണ്. ഇതുവരെ 36 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 6 കുട്ടികളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 12 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 58 പേർ വിവിധയിടങ്ങളിലായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് വി‍ജയ് പ്രസം​ഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങുകയായിരുന്നു.

ഇന്ന് വേലുച്ചാമി പുരത്തേക്ക് വിജയുടെ കോൺവോയ് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. വിജയ് സംസാരിക്കുമ്പോൾ തന്നെ ആംബുലൻസുകൾ വന്നു ആൾക്കാരെ കൊണ്ടുപോയി. അതിനിടെ, വിജയ് പ്രസംഗം നിർത്തി. വിജയുടെ സംസ്ഥാന പര്യടനം സെപ്റ്റംബർ 13 നു തിരുച്ചിറപ്പള്ളി അറിയാളൂർ നിന്നാണ് തുടങ്ങിയത്. മണിക്കൂറുകൾ നീണ്ട ഗതാഗത തടസവും ആൾക്കൂട്ടവും കാരണം ആദ്യ റാലി തന്നെ അലങ്കോലമായിരുന്നു. ഡിസംബർ 20 നു പര്യടനം തീരുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ജനുവരിയിലേക്ക് പര്യടനം നീളുമെന്ന് കഴിഞ്ഞ ദിവസം ടിവികെ അറിയിക്കുകയായിരുന്നു.

നിയന്ത്രിക്കാനാകാതെ ജനസാഗരം

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് നടത്തുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായിരുന്നു കരൂരിലെ റാലി. കനത്ത തിരക്കിനെ തുടർന്ന് നിരവധി പേർ ബോധരഹിതരായതോടെ വിജയ്ക്ക് താൽക്കാലികമായി പ്രസംഗം നിർത്തേണ്ടി വന്നു. ജനാവലി വർധിക്കുകയും തിക്കും തിരക്കും കൂടുകയും ചെയ്തതോടെയാണ് പാർട്ടി പ്രവർത്തകരും കുട്ടികളും ബോധക്ഷയം വന്ന് കുഴഞ്ഞുവീണത്. ഇതോടെ വിജയ് പ്രസംഗം നിർത്തിവെച്ച്, ആളുകളോട് ശാന്തരാകാൻ ആവശ്യപ്പെടുകയും, ആവശ്യപ്പെട്ടവർക്ക് സഹായം എത്തിക്കാൻ ആംബുലൻസുകൾക്ക് വഴി നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ ആശയക്കുഴപ്പങ്ങൾക്കിടയിൽ, ഒമ്പത് വയസ്സുകാരിയായ ഒരു പെൺകുട്ടിയെ കാണാതായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർന്ന്, കുട്ടിയെ കണ്ടെത്താൻ സഹായം നൽകണമെന്ന് പൊലീസിനോടും പ്രവർത്തകരോടും വിജയ് പരസ്യമായി അഭ്യർത്ഥിച്ചു.

YouTube video player