കരൂര്‍ ദുരന്തത്തിലെ പൊലീസ് എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ പരാമര്‍ശം. വിജയ് മനപ്പൂര്‍വം റാലിക്കെത്താൻ നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. ഇതിനിടെ, വ്യാജ പ്രചാരണം നടത്തരുതെന്ന മുന്നറിയിപ്പുമായി എംകെ സ്റ്റാലിൻ രംഗത്തെത്തി
ചെന്നൈ: കരൂര്‍ ദുരന്തത്തിൽ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ ഗുരുതര ആരോപണം. വിജയ് മനപ്പൂര്‍വം റാലിക്കെത്താൻ നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. എഫ്ഐആറിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കരൂരിൽ അനുമതിയില്ലാതെയാണ് റോഡ്‍ ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതെന്നും അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങിയെന്നും ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും എഫ്ഐആറിലുണ്ട്.
കരൂര്‍ ദുരന്തം: വീഡിയോ സന്ദേശവുമായി എംകെ സ്റ്റാലിൻ
കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ദുരന്തവുമായി ബന്ധപ്പെട്ട് വസ്തുതകളല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എംകെ സ്റ്റാലിൻ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. നിരപരാധികൾ മരിക്കണമെന്ന് ഒരു നേതാവും ആഗ്രഹിക്കില്ലെന്നും ഏത് പാർട്ടിയിൽ പെട്ടവരായാലും മരിച്ചത് തമിഴ്നാട്ടിലെ ജനങ്ങളാണ്. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇതെന്നും എംകെ സ്റ്റാലിൻ പറഞ്ഞു.
വിജയ്‍യുടെ കരൂര്‍ സന്ദര്‍ശനം; ഹൈക്കോടതിയെ സമീപിച്ച് ടിവികെ
ഇതിനിടെ, ദുരന്തം ഉണ്ടായ കരൂർ സന്ദർശിക്കാൻ വിജയ് നീക്കങ്ങൾ സജീവമാക്കി. സന്ദർശനത്തിന് പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നിൽക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കരൂർ ദുരന്തത്തിന് കാരണം ഡിഎംകെ -പൊലീസ് -ഗുണ്ടാ -കൂട്ടുകെട്ട് ആണെന്നും ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയാണ് ആസൂത്രകൻ എന്നും സത്യവങ്മൂലത്തിൽ പറയുന്നുണ്ട്. ഇതിനിടെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടുള്ള മരണസംഖ്യ 41 ആയി ഉയര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി ആണ് രാവിലെ മരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ച സ്ത്രീകളുടെ എണ്ണം 18 ആയി. കേസിൽ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി ഡിജിപി ഉത്തരവിറക്കി. എഡിഎസ്‍പി പ്രേമാനന്ദനാണ് ചുമതല. പണയൂരിലെ വീട്ടിലായിരുന്ന വിജയ്, രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി.
ടിവികെയുടെ രണ്ടാമത്തെ ഓഫീസും ഇവിടെ ആണ് പ്രവർത്തിക്കുന്നത്. അതിനിടെ രാഹുൽ ഗാന്ധി വിജയ് യെ ഫോണിൽ വിളിച്ചു വിവരങ്ങൾ തേടി. ടിവികെ റാലിയിൽ ആളുകൾ മരിക്കാനിടയായ സംഭവത്തിൽ അനുശോചനം അറിയിച്ചെന്നും ഫോൺ വിളിക്ക് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നുമാണ് കോൺഗ്രസിന്‍റെ വിശദീകരണം.



