ദില്ലി: വീട്ടുതടങ്കലിലായ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പ്രത്യേക ബംഗ്ളാവിലേക്ക് മറ്റും. വീട്ടുതടങ്കലിലായ അദ്ദേഹത്തെ നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഔദ്യോഗിക വസതിക്കടുത്തെ ബംഗ്ളാവിലേക്കാവും അദ്ദേഹത്തെ മാറ്റുക. അതേസമയം നിയന്ത്രണം തല്‍ക്കാലം തുടരുമെന്ന് സൂചന. 

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് പിന്നാലെ മുതിര്‍ന്ന നേതാക്കളടക്കം വീട്ടുതടങ്കലിലാണ്. നിലവില്‍ ഹരിനിവാസിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാരടക്കം അടുത്തദിവസം കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഒമർ അബ്ദുള്ളയെ മാറ്റുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എട്ടു കേന്ദ്രമന്ത്രിമാരാണ് ഈയാഴ്ച ജമ്മുകശ്മീരിലെത്തുന്നത്. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ പുനപരിശോധിക്കാനുള്ള സുപ്രീം കോടതി ഉത്തരവിൻറെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. രവിശങ്കർപ്രസാദ്, ഗിരിരാജ് സിംഗ്, പിയൂഷ് ഗോയൽ തുടങ്ങിയവർ സംഘത്തിലുണ്ട്. കശ്മീര്‍ താഴ്വരയില്‍ ആശുപത്രി, ബാങ്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്‍റര്‍നെറ്റ് സേവനം ഇന്ന് രാവിലെ പുനസ്ഥാപിച്ചിരുന്നു. ഹോട്ടലുകള്‍ക്കും യാത്രാ സ്ഥാപനങ്ങള്‍ക്കും ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് നല്‍കി. അതേസമയം സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും.