ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരമുള്ളയിൽ നിയന്ത്രണ രേഖക്ക് സമീപം വൻ ആയുധശേഖരം പിടിച്ചെടുത്തു. മൂന്ന് എകെ 56 തോക്കുകൾ, രണ്ട് പാക് നിര്‍മ്മിത പിസ്റ്റൽ, വെടിയുണ്ടകൾ തുടങ്ങിയ ആയുധങ്ങളാണ് സൈന്യം പിടിച്ചെടുത്തത്. ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫ് സംഘവും നടത്തിയ തെരച്ചിലിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. പ്രദേശത്ത് ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയെ സൈന്യം വധിച്ചിരുന്നു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തീവ്രവാദികൾ ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെത്തിയത്.