ഹന്ദ്‍വാരയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ  കൊല്ലപ്പെട്ടത് ലഷ്കറെ തൊയ്ബ തീവ്രവാദികളെന്ന് കശ്മീർ പൊലീസ്. പോരാട്ടത്തിൽ ഇതുവരെ ആറ് സുരക്ഷാ സൈനികരുടെ ജീവൻ ഇന്ത്യക്ക് നഷ്ടമായി. എത്ര തീവ്രവാദികളെ സൈന്യം വധിച്ചു എന്ന വിവരം വ്യക്തമല്ല

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ ഹന്ദ്‍വാരയിൽ മൂന്നു ദിവസമായി തുടരുന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ വിവരങ്ങൾ കശ്മീ‌‍‌ർ പൊലീസ് പുറത്ത് വിട്ടു. രണ്ട് ലഷ്ക‍റെ തയ്ബ ഭീകരരെയാണ് വധിച്ചതെന്നാണ് കശ്മീർ പൊലീസ് നൽകുന്ന വിവരം. ഇവരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട രണ്ടാമന്‍റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മൂന്ന് ദിവസമായി ഹന്ദ്‍വാരയിൽ തുടരുന്ന ഏറ്റുമുട്ടലിൽ ഇതുവരെ ആറ് സുരക്ഷാ സൈനികരുടെ ജീവൻ ഇന്ത്യക്ക് നഷ്ടമായി. ഒരു സിആർപിഎഫ് ഇൻസ്പെക്ടർ, രണ്ട് സിആർപിഎഫ് ജവാൻമാർ, രണ്ട് കരസേനാ ജവാൻമാർ, ഒരു പൊലീസുകാരൻ എന്നിവരാണ് ഇതുവരെ വീരമൃത്യു വരിച്ചത്. 

കുപ്‍വാരയിൽ ഒരു നാട്ടുകാരനും ആക്രമണത്തിൽ മരിച്ചു. ഇവിടെ ഭീകരരുമായിഏറ്റുമുട്ടൽ നടക്കുന്നതിനിടെ ഒരു സംഘം ചെറുപ്പക്കാർ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടിയിരുന്നു. ഈ കൂട്ടത്തിലുണ്ടായിരുന്ന വസീം അഹമ്മദ് എന്നയാളാണ് മരിച്ചത്. നിരവധി സുരക്ഷാ സൈനികർക്കും നാട്ടുകാർക്കും ആക്രമണത്തിൽ വെടിയേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. അതിർത്തിയിൽ സംഘർഷം ശക്തമായതിനെ തുടർന്ന് ഹന്ദ്‍വാര മേഖലയിലെ ബാബാഗുണ്ടിൽ സൈന്യം നടത്തിയ തിരച്ചിലിനിടെ തീവ്രവാദികൾ നിറയൊഴിച്ചതോടെ ആയിരുന്നു ആക്രമണം തുടങ്ങിയത്. തീവ്രവാദികൾ ഒളിച്ചുകഴിഞ്ഞിരുന്ന വീടിന് സമീപം സുരക്ഷാ സൈനികർ എത്തിയതോടെ ആയിരുന്നു ആക്രമണത്തിന്‍റെ തുടക്കം.