ദില്ലി: വിമാനത്താവള സ്വകാര്യ വൽക്കരണത്തിനെതിരെ കെ സി വേണുഗോപാൽ രാജ്യസഭയിൽ. രാജ്യത്തെ വിമാനത്താവളങ്ങൾ ഒരു കമ്പനിക്ക് മാത്രം നൽകുകയാണ്. തിരുവനന്തപുരം വിമാനത്താവളം മാറുന്നതും ഇതേ രീതിയിലാണെന്നും വേണുഗോപാൽ പറഞ്ഞു.

എയർപ്പോർട് അതോറിറ്റി ഓഫ് ഇന്ത്യ, അദാനി ഏയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയായി മാറി. സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം പോലും കേൾക്കാതെയാണ് തീരുമാനങ്ങളെന്നും കെസി വേണുഗോപാൽ ആരോപിച്ചു.

അതേസമയം, തിരുവനന്തപുരം അടക്കമുള്ള  വിമാനത്താവളങ്ങളുടെ  നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക്  നൽകിയത് നയപരമായ തീരുമാനമെന്ന് കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയിൽ പറഞ്ഞു.  ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വ്യോമയാന മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

പൊതുജനതാൽപ്പര്യം മുൻനിർത്തിയാണ് വിമാനത്താവളങ്ങൾ പാട്ടത്തിനു നൽകുന്നത്.  ഇങ്ങനെ ലഭിക്കുന്ന പണം രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുന്നത്

കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് പ്രത്യേക ഇളവുകളോടെ ലേലത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയതാണ്. ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരമൊരു ഹർജിയുമായി വരാൻ കേരളത്തിന്‌ അവകാശമില്ല. 

വിമാനത്താവളങ്ങൾ കേന്ദ്രസർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമാണ്.  സംസ്ഥാന വിഷയം അല്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കേസ് പരിഗണിക്കേണ്ടത് സുപ്രീംകോടതി ആണെന്നും വ്യോമയാന മന്ത്രാലയം ഹൈക്കോടതിയിൽ വ്യക്തമാക്കി.