ബംഗളുരു: കർണാടകത്തിൽ ജെഡിഎസുമായി വീണ്ടും സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് കോൺഗ്രസ്‌. കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം സാഹചര്യം അനുകൂലമായാൽ തുടർചർച്ചകൾ നടത്തുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് വ്യക്തമാക്കി. ഇരുപാര്‍ട്ടികളും തമ്മിലുള്ള ചെറിയ സൗന്ദര്യ പിണക്കങ്ങൾ കാര്യമാക്കുന്നില്ല. ബിജെപിയെ അകറ്റിനിർത്തുക മാത്രമാണ് ലക്ഷ്യമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. 

കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായാൽ സർക്കാരുണ്ടാക്കുന്ന കാര്യത്തിൽ കോൺഗ്രസിലും ജെഡിഎസിലും ആശയക്കുഴപ്പം നിലനില്‍ക്കേയാണ് വേണുഗോപാലിന്‍റെ പ്രതികരണം. ഡിസംബർ അഞ്ചിനാണ് കർണാടകത്തിൽ 15 മണ്ഡലങ്ങളിൽ നിർണായകമായ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കുറഞ്ഞത് ആറെണ്ണമെങ്കിലും ജയിച്ചാലാണ് യെദ്യൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടാകുക. അതില്ലായെങ്കില്‍ വീണ്ടും കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിലേക്ക് കര്‍ണാടക എത്തുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

അതേസമയം കോൺഗ്രസിലെ സിദ്ധരാമയ്യ വിഭാഗം, ജെഡിഎസുമായുള്ള സഖ്യത്തെ എതിര്‍ക്കുന്നത് കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാൽ ഡി കെ ശിവകുമാർ ഉൾപ്പെടെയുളളവർക്കുളളത് ജെഡിഎസിനൊപ്പം സർക്കാരുണ്ടാക്കണമെന്ന വികാരമാണ്. എന്നാല്‍ ബിജെപിയെ പുറത്തുനിന്ന് പിന്തുണച്ചേക്കുമെന്ന സൂചന നേരത്തെ മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നല്‍കിയിരുന്നു. ഒരു വിഭാഗം ദൾ നേതാക്കളും ബിജെപി അനുകൂല നിലപാടിലാണ്. ഇതും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.