പാ‍ർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരെ രൂപപ്പെടുന്ന അതൃപ്തി പരിഹരിക്കാനോ അതിനെ അറിയാനോ ശ്രമിക്കാതെഅവ​ഗണിക്കുന്ന രീതിയാണ് കെ.സി.വേണു​ഗോപാലിന് എന്നാണ് ജി23 അടക്കമുള്ളവ‍ർ ആരോപിക്കുന്നത്. 

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തിന് പിന്നാലെ ദില്ലിയിൽ കോൺ​ഗ്രസ് പ്രവ‍ർത്തക സമിതി ചേരുമ്പോൾ ​ഗാന്ധി കുടുംബത്തോടൊപ്പം തന്നെ വലിയ വിമ‍ർശനവും വെല്ലുവിളിയും നേരിടുകയാണ് സം​ഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ. പാ‍ർട്ടിയിലെ നി‍ർണായക പദവിയിൽ വർഷങ്ങളായിട്ടുണ്ടെങ്കിലും എടുത്തു പറയത്തക്ക യാതൊരു നേട്ടവും സംഘടനാ ചുമതലയുള്ള സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തിന് അവകാശപ്പെടാനില്ല. 

പാ‍ർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരെ രൂപപ്പെടുന്ന അതൃപ്തി പരിഹരിക്കാനോ അതിനെ അറിയാനോ ശ്രമിക്കാതെഅവ​ഗണിക്കുന്ന രീതിയാണ് കെ.സി.വേണു​ഗോപാലിന് എന്നാണ് ജി23 അടക്കമുള്ളവ‍ർ ആരോപിക്കുന്നത്. ജ്യോതിരാദിത്യസിന്ധ്യ അടക്കമുള്ള പ്രമുഖ നേതാക്കൾ പാ‍ർട്ടി വിട്ടു പോയതിൽ കെ.സിക്ക്​ ​ഗുരുതരവീഴ്ച വന്നുവെന്ന ആരോപണവും ശക്തമാണ്. 

കോൺഗ്രസിനെ നശിപ്പിക്കുന്നത് കെസി വേണുഗോപാലാണെന്ന് പാ‍ർട്ടിയിൽ നിന്നും രാജിവച്ച മുൻകേന്ദ്രമന്ത്രി സി.എം.ഇബ്രാഹിം ഇന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഹൈക്കമാൻഡിന് അഴിമതിക്കാരായ നേതാക്കളോടാണ് താൽപര്യമെന്നും പാർട്ടിയുടെ താഴെത്തട്ടിലുള്ള വികാരമെന്താണെന്ന് ​ഗാന്ധികുടുംബംതിരിച്ചറിയുന്നില്ലെന്നും സി.എം. ഇബ്രാഹിം പറഞ്ഞിരുന്നു. 

 കെസി വേണുഗോപാലിനെതിരെ കണ്ണൂരിൽ ഇന്ന് പോസ്റ്റർ പ്രതിഷേധമുണ്ടായിരുന്നു. അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ എന്ന വാചകങ്ങളോടെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പോസ്റ്ററിന് പിന്നിൽ പാർട്ടി പ്രവർത്തകരാണെങ്കിൽ കർശന നടപടി എടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞിരുന്നു. 

കോൺഗ്രസിലെ നേതൃമാറ്റം ആവശ്യപ്പെട്ട് ജി 23 നേതാക്കൾ തുടങ്ങിവച്ച പ്രതിഷേധം താഴെതട്ടിലേക്കുമെത്തിയതിൻറെ സൂചനയാണ്, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിക്കെതിരെ ജന്മനാട്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ. ശ്രീകണ്ഠപുരം പാർട്ടി ഓഫീസിലും എരുവേശി ഐച്ചേരി പ്രദേശങ്ങളിലും പോസ്റ്ററുകൾ പതിപ്പിച്ചു. സംസ്ഥാനത്ത് തന്നെ കെസിയുടെ ഏറ്റവും വിശ്വസ്തനായ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റെ ഓഫീസിന് പരിസരത്തും പോസ്റ്ററുകൾ ഒട്ടിച്ചു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകളെല്ലാം. ഇന്നലെ രാത്രിയിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ കണ്ണൂരിലെ പ്രദേശിക നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെയും കെസി വോണുഗോപാലിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.